 പാർലമെന്റ് പിരിച്ചുവിട്ടു : ഇസ്രയേലിൽ യെയ്‌ർ ലാപിഡ് കാവൽ പ്രധാനമന്ത്രി

Friday 01 July 2022 4:45 AM IST

ടെൽ അവീവ് : ഇസ്രയേലിൽ പാർലമെന്റ് പിരിച്ചുവിട്ടു. നിലവിലെ വിദേശകാര്യ മന്ത്രി യെയ്‌ർ ലാപിഡ് ആണ് ഇന്ന് മുതൽ രാജ്യത്തിന്റെ കാവൽ പ്രധാനമന്ത്രി. ഇന്നലെ നടന്ന വളരെ ലളിതമായ ഔപചാരിക ചടങ്ങിൽ ബെന്നറ്റ് ലാപിഡിന് അധികാരം കൈമാറി. മുൻ മാദ്ധ്യമ പ്രവർത്തകനും ടി.വി അവതാരകനുമായിരുന്നു 58കാരനായ ലാപിഡ്. ലാപിഡിന്റെ വിദേശകാര്യ മന്ത്രിസ്ഥാനം നിലനിൽക്കും. പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ല് ചൊവ്വാഴ്ച പാർലമെന്റിലെ അംഗങ്ങൾ ഐക്യകണ്ഠേന പാസാക്കിയിരുന്നു. ഈ ബില്ലിന് ഇന്നലെ രാവിലെ 92 - 0 എന്ന വോട്ടിംഗ് നിലയിൽ അന്തിമ അംഗീകാരം ലഭിച്ചതോടെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്.എട്ടു പാർട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലിൽ ഒരു പാർലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. 120 അംഗ പാർലമെന്റിൽ ഭരണസഖ്യത്തിന് 61 സീറ്റുകളാണുണ്ടായിരുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് യമിന പാർട്ടി നേതാവായ നഫ്താലി ബെന്ന​റ്റ് പ്രധാനമന്ത്രിയായി അധികാരമേ​റ്റത്. ഭരണമുന്നണി സഖ്യം പിരിച്ചുവിടുന്നതായി കഴിഞ്ഞാഴ്ചയാണ് ബെന്ന​റ്റും ലാപിഡും പ്രഖ്യാപിച്ചത്. അതേ സമയം, രാജ്യത്ത് തിരഞ്ഞെടുപ്പ് നവംബർ 1ന് നടത്താൻ ധാരണയായി. ഇതോടെ മൂന്നര വർഷത്തിനിടെ ഇസ്രയേലിൽ നടക്കുന്ന അഞ്ചാമത്തെ തിരഞ്ഞെടുപ്പാകും ഇത്. അതേസമയം, തിരിച്ചുവരവിനുള്ള പിടിവള്ളിയായി ഈ തിരഞ്ഞെടുപ്പിനെ പരമാവധി പ്രയോജനപ്പെടുത്താനാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുടെ നീക്കം. അധികാരത്തിൽ തിരിച്ചെത്തുമെന്ന് നെതന്യാഹു ഇന്നലെ പാർലെമന്റ് പിരിച്ചുവിടുന്നതിന് തൊട്ടുമുന്നേ പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement