എം പിമാരുടെ ട്രെയിൻ യാത്രയ്‌ക്ക് ചെലവാക്കിയത് 62 കോടി രൂപ; കൊവിഡ് കാലത്ത് മാത്രം മുടക്കിയത് രണ്ടരക്കോടി
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എംപിമാർ 62 കോടി രൂപയ്ക്ക് ട്രെയിൻ യാത്ര നടത്തിയെന്ന് കണക്കുകൾ. സിറ്റിംഗ് എം പിമാരും മുൻ എം പിമാരും ചേർന്ന് നടത്തിയ യാത്രാച്ചെലവാണിത്.
മദ്ധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ എന്ന വ്യക്തി വിവരാകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്‌ക്കുള്ള മറുപടിയായിട്ടാണ് ഈ കണക്കുകൾ ലഭ്യമായത്. ഇതിൽ കൊവിഡ് കാലത്ത് മാത്രമായി ഇവർക്ക് വേണ്ടി രണ്ടരക്കോടി രൂപയാണ് ചെലവാക്കിയതെന്നും മറുപടിയിലുണ്ട്.
2017 മുതൽ 2022 വരെയുള്ള കാലത്ത് സിറ്റിംഗ് എം പിമാർ 35.21 കോടി രൂപയ്‌ക്കും മുൻ എം പിമാർ 26.82 കോടി രൂപയ്‌ക്കുമാണ് യാത്ര ചെയ്തത്. 2020 -21 കൊവിഡ് കാലത്ത് സിറ്റിംഗ് എംപിമാർ 1.29 കോടി രൂപയ്‌ക്കും മുൻ എം പിമാർ 1.18 കോടി രൂപയ്‌ക്കും യാത്ര നടത്തിയിട്ടുണ്ട്.
2020 മാർച്ച് 20നും 2022 മാർച്ച് 31നും ഇടയിൽ 7.31 കോടി മുതിർന്ന പൗരന്മാർ മുഴുവൻ പണവും നൽകി ടിക്കറ്റെടുത്ത് യാത്ര ചെയ്തിട്ടുണ്ട്. ഇതിൽ 60 വയസിന് മുകളിൽ 4.46 കോടി പുരുഷന്മാരും 58 വയസിന് മുകളിലുള്ള 2.84 കോടി സ്ത്രീകളും 8310 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നതായും കണക്കുകളിൽ പറയുന്നുണ്ട്.