തൃശൂരിന് ആറുമാസം മതി, കോട്ടയത്തിന് ആറുവർഷം പോര.

Saturday 02 July 2022 12:00 AM IST

കോട്ടയം. ആറ് വർഷമായിട്ടും കോട്ടയത്തെ ആകാശപാത ആകാശത്തുതന്നെ!. തൃശൂരിൽ ആറ് മാസം മുമ്പ് നിർമാണമാരംഭിച്ച ആകാശ പാത ഉദ്ഘാടനത്തിന് തയ്യാറായി.

തൃശൂരിൽ ശക്തൻ ബസ് സ്റ്റാൻഡ് , മത്സ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻഗ്രൗണ്ട് എന്നീ ഭാഗങ്ങളിൽ നിന്ന് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നത് ബുദ്ധിമുട്ടായതോടെയാണ് ആകാശ പാത നിർമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത് വലിയ വാഹനങ്ങൾക്ക് താഴെ സുഗമമായ് കടന്നു പോകാവുന്ന വിധം നിർമിച്ച ആകാശ പാതയ്ക്ക് ആറ് മീറ്ററേ ഉയരമുള്ളൂ. പടികൾ കയറി മുകളിലെത്തിയാൽ മൂന്നു മീറ്റർ വീതിയുള്ള പാലത്തിലൂടെ ഇരു വശത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ളയിടത്ത് ഇറങ്ങാം. ഇടതു എം.എൽ.എയും ഇടതു കോർപ്പറേഷൻ ഭരണവും ഉള്ളതിനാലാകാം തൃശൂരിൽ ഫണ്ട് പ്രശ്നമില്ലാതെ ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയായി.

##

കോട്ടയത്ത് 2016 ഫെബ്രുവരിയിലായിരുന്നു അഞ്ചു റോഡുകൾ വന്നു ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് പകരം സുരക്ഷിതമായി ആകാശപാത വഴി കയറി ഇറങ്ങുന്നതിനുള്ള പാതയുടെ നിർമാണം തുടങ്ങിയത്. ഒരു ദിവസം 4000 വാഹനങ്ങളും 11000 കാൽനടയാത്രക്കാരും ശീമാട്ടി റൗണ്ടാന വഴി കടന്നു പോകുന്നുവെന്നായിരുന്നു നാറ്റ് പാക്ക് പഠനത്തിൽ കണ്ടെത്തിയത്. 5.75 കോടി രൂപയായിരുന്നു ആകാശപാതയുടെ ചെലവ് പ്രതീക്ഷിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒന്നേമുക്കാൽ കോടി ഇതിനകം ചെലവഴിച്ചു. 14 ഇരുമ്പുതൂണുകൾക്ക് മുകളിൽ 24 മീറ്റർ ചുറ്റളവിൽ ഇരുമ്പ് പ്ലാറ്റ് ഫോമും നിർമ്മിച്ചു. എസ്ക്കലേറ്റർ വഴി മുകളിലേക്ക് കയറി എസ്ക്കലേറ്റർ വഴി ഇറങ്ങുന്ന സംവിധാനമാണ് ആലോചനയിലുള്ളത്. നാല് സ്ഥത്ത് ലിഫ്റ്റും വിഭാവനം ചെയ്തിരുന്നു.

ഇടതു ഭരണത്തിൽ തുടങ്ങിയ ആകാശപാതയുടെ പണി ഇടയ്ക്ക് സ്തംഭിച്ചു. ഇതിന് പിന്നിൽ രാഷ്ട്രീയമാണെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചത്. ഇടയ്ക്ക് ആകാശപാതയുടെ മേൽ ഭാഗത്ത് 200 പേർക്കിരിക്കാവുന്ന സെമിനാർ ഹാൾ അടക്കം ഗാന്ധി സ്മൂതി മണ്ഡപമാക്കാനും ആലോചനയായി. വർഷങ്ങളോളം സ്തംഭിച്ച പണി 2019 ജൂണിൽ പുനരാരംഭിച്ചെങ്കിലും വീണ്ടും മുടങ്ങി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറയുന്നു.

വികസന പദ്ധതിയായ ആകാശപാത പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. ഫണ്ട് അനുവദിക്കാതെയും മറ്റു തടസവാദങ്ങൾ ഉന്നയിച്ചും പണി തടസപ്പെടുത്തുന്ന വികസന വിരോധത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് എല്ലാവർക്കുമറിയാം.

Advertisement
Advertisement