എരുത്താവൂർ -ചപ്പാത്ത് റോഡിൽ മരണയാത്ര

Saturday 02 July 2022 1:21 AM IST

ബാലരാമപുരം: ബാലരാമപുരം-കാട്ടാക്കട റോഡിൽ എരുത്താവൂർ മുതൽ ചപ്പാത്ത് വരെ 100 മീറ്ററിൽ റോഡ് തകർന്ന് അപകടക്കുഴിയായി മാറിയിട്ടും അധികൃതർ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് ആക്ഷേപം. ബാലരാമപുരം–കാട്ടാക്കട റോഡിന്റെ പുനഃരുദ്ധാരണത്തിന് നാല് വർഷം മുൻപ് 8.5 കോടി അനുവദിച്ചിരുന്നു. കാട്ടാക്കട മുതൽ ഊരൂട്ടമ്പലം വരെ റോഡിലെ ടാറിംഗ് പൂർത്തീകരിച്ചെങ്കിലും ബാലരാമപുരം വരെയുള്ള പുനഃരുദ്ധാരണം പാതിവഴിയിൽ ഉപേക്ഷിച്ചനിലയിലാണ്. ചപ്പാത്തിന് പുറമേ,​ ചാനൽപ്പാലം ജംഗ്ഷൻ,​ തേമ്പാമുട്ടം,​ തണ്ണിക്കുഴി ജംഗ്ഷൻ എന്നിവിടങ്ങളിലും റോഡിൽ ഭീമൻകുഴികൾ രൂപപ്പെട്ട് അപകടക്കെണിയായി മാറി. ആദ്യ കരാറുകാരന്റെ മരണത്തെത്തുടർന്ന് റീടെൻഡർ വിളിച്ച് പുതിയ കരാറുകരാൻ വർക്ക് ഏറ്റെടുത്ത് രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണജോലികൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതിനിടെ ലക്ഷങ്ങൾ ചെലവിട്ട് കുഴിയടയ്ക്കലും പ്രഹസനമായിമാറി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചാനൽപ്പാലം ജംഗ്ഷനിൽ അപകടക്കുഴി രൂപപ്പെട്ട സ്ഥലത്ത് മെറ്റലിട്ട് കുഴികളടച്ചെങ്കിലും മഴയത്ത് ഇവയെല്ലാം ഒലിച്ചുപോയി വീണ്ടും ദുരിതത്തിലായി. നാട്ടുകാർ പരാതി അറിയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല. ടെൻഡർ കാലാവധി പൂർത്തിയായാൽ കരാറുകാരന് നിർമ്മാണജോലികൾ തുടരാൻ സാധിക്കാത്തതിനെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.

അപകടം നിത്യസംഭവമായ എരുത്താവൂർ -ചപ്പാത്ത് റോഡിൽ കഴിഞ്ഞ ദിവസവും ബൈക്ക് യാത്രികൾ കുഴിയിൽ തെന്നിവീണ് പരിക്കേറ്റിരുന്നു. റോഡിൽ നിന്നും ഒരു മീറ്ററോളം അഗാധത്തിൽ മിക്കയിടങ്ങളിലും കുഴികൾ രൂപപ്പെടുകയാണ്. ചെറുതും വലുതുമായി നിരവധി അപകടങ്ങൾ നടക്കുന്ന റോഡ് കൂടുതൽ അപകടമേഖലയായി മാറുകയാണെന്ന ഭീതിയാണ് നാട്ടുകാർക്കുള്ളത്. കരാറുകാരനെ ഓഫീസിൽ വിളിച്ചുവരുത്തി റോഡിന്റെ നിർമ്മാണജോലികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകളും ആവശ്യമുന്നയിച്ചിട്ടുണ്ട്. താത്ക്കാലിക കുഴിയടയ്ക്കൽ ജോലികൾ ഇനി അനുവദിക്കില്ലെന്നും അനുവദിച്ച ഫണ്ടിൽ ബാക്കി നിർമ്മാണജോലികൾ ഉടൻ പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Advertisement
Advertisement