തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ആർക്കും സാധിച്ചില്ല; ഇതുവരെയും വിവാഹം കഴിക്കാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി സുസ്മിത സെൻ

Friday 01 July 2022 8:57 PM IST

മുംബയ്: ഇതുവരെയും വിവാഹം കഴിക്കാത്തതിന് പിന്നിൽ തന്റെ മക്കളല്ലെന്ന് സുസ്മിത സെൻ. വിവാഹജീവിതം താൻ വേണ്ടെന്ന് വച്ചതല്ലെന്നും മറിച്ച് ജീവിതത്തിലേക്ക് കടന്നുവന്ന പുരുഷന്മാർക്ക് തന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാത്തതാണ് ഇപ്പോഴും അവിവാഹിതയായി തുടരാൻ കാരണമെന്നും സുസ്മിത സെൻ വ്യക്തമാക്കി. താരം ഇതുവരെയായും വിവാഹം കഴിക്കാത്തത് ദത്തുപുത്രിമാരുടെ എതിർപ്പ് കാരണമാണെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുസ്മിത.

തന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുള്ള എല്ലാ പുരുഷന്മാരെയും തന്റെ പെൺമക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നും അവ‌ർ കാരണമല്ല താൻ വിവാഹം കഴിക്കാത്തതെന്നും സുസ്മിത പറഞ്ഞു. തന്റെ പ്രണയബന്ധങ്ങളുടെ പേരിൽ മക്കൾ ഒരിക്കലും മുഖം കറുപ്പിച്ചിട്ടില്ലെന്നും എല്ലാവരോടും തുല്യമായ ബഹുമാനവും കരുതലുമാണ് അവർക്കെന്നും സുസ്മിത കൂട്ടിച്ചേർത്തു. രണ്ട് ദത്തുപുത്രിമാരാണ് സുസ്മിതയ്ക്ക് ഉള്ളത്. 2000ൽ റെനീയേയും 2010ൽ അലീഷയേയും സുസ്മിത ദത്ത് എടുക്കുകയായിരുന്നു.

മുമ്പ് തന്നെക്കാൾ പതിനഞ്ച് വയസ് ചെറുപ്പമായ മോഡലും ഗായകനുമായ റഹ്മാൻ ഷോളുമായിട്ട് സുസ്മിത പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം നിരവധി വിമർശനങ്ങൾക്കും കാരണമായിരുന്നു. കഴിഞ്ഞ വർഷം തങ്ങൾ വേർപിരിയുകയാണെന്ന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ ഇരുവരും അറിയിക്കുകയായിരുന്നു.