യശ്വന്ത് സിൻഹയെക്കാളും മികച്ച സ്ഥാനാർത്ഥി മുർമു; നിന്നനിൽപ്പിൽ നിലപാട് മാറ്റി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

Friday 01 July 2022 10:19 PM IST

കൊൽക്കത്ത: പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെക്കാളും മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ ദ്രൗപതി മുർമുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി മുർമുവാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ പിന്തുണയ്ക്കുമായിരുന്നെന്നും മമത പറഞ്ഞു. ഇസ്കോൺ രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമത. വിശാല പ്രതിപക്ഷ സഖ്യത്തിന് വേണ്ടി യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് മമത. അവർ തന്നെയാണ് ഇപ്പോൾ സ്വന്തം സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞിരിക്കുന്നത് എന്നതാണ് ഏറെ വിചിത്രം.

എപിജെ അബ്ദുൾ കലാമിനെ തിരഞ്ഞെടുത്തത് പോലെ ഒരാളെ സംയുക്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുന്നതാണ് എപ്പോഴും നല്ലതെന്ന് മമത പറഞ്ഞു. രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി തന്റെ അഭിപ്രായം തേടിയിരുന്നെന്നും എന്നാൽ സ്ഥാനാർത്ഥി ആരാണെന്ന് പറഞ്ഞിരുന്നില്ലെന്നും മമത പറ‌ഞ്ഞു. ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കാനുള്ള സാദ്ധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എന്നാൽ 17 രാഷ്ട്രീയ പാർട്ടികൾ ചേ‌ർന്നാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതെന്നും അതിനാൽ തന്നെ ഇക്കാര്യത്തിൽ തനിക്ക് മാത്രമായി ഒരു തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും മമത പറഞ്ഞു.

അതേസമയം പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുമെന്ന് ഉറപ്പായതിനാലാണ് മമത ഇപ്പോൾ മലക്കം മറിഞ്ഞതെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. തന്റെ നടപടി ബിജെപിയുടെ വിരോധം ക്ഷണിച്ചുവരുത്തുമെന്ന ബോദ്ധ്യം ഉണ്ടായിതുകൊണ്ടാണ് മമത ഇപ്പോൾ നിലപാട് മാറ്റിയതെന്ന് മുതിർന്ന കോൺഗ്രസ് എം അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബിജെപി നേതൃത്വവുമായി നല്ല ബന്ധം തുടരാൻ കഴിയുന്ന തരത്തിലുള്ള കാര്യങ്ങളാണ് മമത എപ്പോഴും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.