ഹാഫ് സെഞ്ച്വറിയിലേക്ക് ആന്ധ്ര ജയ അരി വില

Saturday 02 July 2022 12:26 AM IST

ആലപ്പുഴ: ജനപ്രിയ ബ്രാൻഡായ ആന്ധ്രാ ജയ അരിയുടെ വില കിലോഗ്രാമിന് 50 രൂപയോളമെത്തി. ഒന്നരമാസത്തിനിടെ 10 രൂപയാണ് വില വർദ്ധിച്ചത്. ഓണം സീസണാവുന്നതോടെ അരി വില വീണ്ടു കുതിച്ചുയരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ.

വില പടിപടിയായി ഉയർന്നതോടെ വില്പനയിൽ ഇടിവ് നേരിടുന്നുണ്ട്. 38 രൂപയ്ക്ക് ലഭ്യമാകുന്ന സുരേഖ, ക്രാന്തി എന്നീ ബ്രാൻഡുകളിലേക്കാണ് ആന്ധ്ര ജയയുടെ ഉപഭോക്താക്കളിൽ പലരും മാറിയത്. കർണാടക, പഞ്ചാബ് ജയ അരിക്ക് 38 രൂപ തന്നെയാണ് വിപണി വിലയെങ്കിലും ഡിമാൻഡ് കുറവാണ്. ഇത്തരം അരി വ്യാജമാണെന്ന പ്രചാരണം ആന്ധ്ര അരിയുടെ ഏജന്റുമാർ പരത്തുന്നതായും ആക്ഷേപമുണ്ട്.

മൊത്തവ്യാപാര ശാലകളിലെത്തുന്ന സ്റ്റോക്കിന്റെ അളവിലും കഴിഞ്ഞ ആഴ്ചകളിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്തെത്തിയ അരിയുടെ പകുതി പോലും ഇപ്രാവശ്യം എത്തിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ആന്ധ്രയിലുണ്ടായ വെള്ളപ്പൊക്കം, വൈദ്യുതി നിയന്ത്രണം, വിളവെടുപ്പ് വൈകിയത് തുടങ്ങി നിരവധി കാരണങ്ങളാണ് ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായി ഇടനിലക്കാർ പറയുന്നത്.

ഇരുട്ടടിയായി ജി.എസ്.ടി

അരിയുൾപ്പടെ നിത്യജീവിതത്തിന്റെ ഭാഗമായ ഉത്പന്നങ്ങളുടടെ വില ഉയർത്തുന്ന തീരുമാനമാണ് കഴിഞ്ഞദിവസം ചേർന്ന ജി.എസ്.ടി കൗൺസിലെടുത്തത്. നിലവിൽ ബ്രാൻഡഡ് അരിക്ക് 5 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തുന്നുണ്ട്. ഇനി മുതൽ ബ്രാൻഡഡല്ലാത്ത അരിക്കും ഇതേ ജി.എസ്.ടി നിരക്ക് ബാധകമാകും.

ആന്ധ്ര ജയ അരി (കിലോഗ്രാമിന് വില)

ഇന്നലെ ........₹48

ഏപ്രിൽ........₹42- 44

മുട്ടയ്ക്കും വിലക്കയറ്റം

ഉത്പാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്തതോടെ കോഴിമുട്ടയുടെ വിലയിലും വർദ്ധനവുണ്ടായി. രണ്ടാഴ്ച മുമ്പ് 5-6 രൂപയ്ക്ക് വിറ്റിരുന്ന മുട്ടയ്ക്ക് ഇപ്പോൾ വില ഏഴ് രൂപ കടന്നു. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നാമക്കലിൽ നിന്ന് വ്യാപകമായി മുട്ട കയറ്റി അയക്കുന്നതും ദൗർലഭ്യത്തിന് കാരണമാണ്. ട്രോളിംഗ് നിരോധനം വന്നതോടെ മുട്ടയുടെ വിപണി കുതിച്ചുയർന്നിരുന്നു.

ഒന്നരമാസത്തിനിടയിൽ പത്ത് രൂപയാണ് ആന്ധ്ര ജയ അരിക്ക് കൂടിയത്. ഇതോടെ വില്പന ഇടിഞ്ഞു. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന സ്റ്റോക്കും കുറവാണ്. ഓണക്കാലത്തിന് മുമ്പ് വില കുറയാത്ത പക്ഷം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും

-മനോജ് കുട്ടപ്പൻ, റീട്ടെയിൽ വ്യാപാരി

Advertisement
Advertisement