കുബുദ്ധികളുടെ കെണിയിൽ വീഴരുത്

Saturday 02 July 2022 12:00 AM IST

സംസ്ഥാന സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനു നേരെ വ്യാഴാഴ്ച അർദ്ധരാത്രി സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തെ രാഷ്ട്രീയകക്ഷികൾ മാത്രമല്ല രാഷ്ട്രീയമില്ലാത്തവരും അപലപിക്കേണ്ടതാണ്. സംഭവത്തെ സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി നടക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ ഭാഗമായി കരുതാനാവില്ലെങ്കിലും ഇതിനു പിന്നിൽ ഏതോ കുബുദ്ധിയുടെ തലച്ചോറുണ്ടെന്നു തന്നെ കരുതാം. ഉത്തരേന്ത്യയിൽ എവിടെയെങ്കിലുമാണ് ഇത്തരത്തിലൊരു സംഭവം നടന്നതെങ്കിൽ വ്യാപക കലാപത്തിന് അതു മതിയാകും. ഇവിടെ ജനം ഇത്തരം കാര്യങ്ങൾ വിവേകപൂർവം വീക്ഷിക്കുന്നതുകൊണ്ട് അത്തരത്തിലുള്ള പൊട്ടിത്തെറികൾ ഉണ്ടാകാറില്ല. സർക്കാരും തികഞ്ഞ ചുമതലാബോധം കാണിക്കാറുണ്ട്.

വയനാട്ടിൽ കോൺഗ്രസ് എം.പി രാഹുൽഗാന്ധിയുടെ ഓഫീസ് പട്ടാപ്പകൽ സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തത് സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രവർത്തകരെ വല്ലാതെ ചൊടിപ്പിച്ച സംഭവമാണ്. നമ്മുടെ നാട്ടിൽ അത്ര പതിവില്ലാത്ത സംഭവമാണിത്. രാഷ്ട്രീയകക്ഷികളുടെ ഓഫീസുകൾക്കു നേരെ ഉണ്ടാകുന്ന ഏതുതരം കൈയേറ്റവും ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാകും. ബന്ധപ്പെട്ട പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും അങ്ങേയറ്റം വൈകാരികമായിട്ടാകും അതിനെ നേരിടുക. അക്രമത്തിനു തുനിഞ്ഞ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കി അണികളെ നിലയ്ക്കുനിറുത്താൻ ഇടപെടും. ഏതു പ്രകോപനങ്ങൾക്കു മുന്നിലും പാർട്ടി നേതൃത്വങ്ങൾ സംയമനം വിടാതെ അണികളെ നിയന്ത്രിച്ചു നിറുത്തുന്നതുകൊണ്ടാണ് ഇവിടെ സ്വൈരജീവിതം സാദ്ധ്യമാകുന്നത്. അതേസമയം കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധർ എവിടെയും കാണും. എ.കെ.ജി സെന്ററിനു നേരെ പാതിരാത്രി സ്ഫോടകവസ്തു വലിച്ചെറിയാൻ ധൈര്യം കാണിച്ച കുബുദ്ധിക്കു പിന്നിലും അത്തരം ചില ആളുകൾ ഉണ്ടായിരിക്കും. മനഃപൂർവം പ്രകോപനം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കുകയെന്ന ഒരൊറ്റ ലക്ഷ്യമേ ഇത്തരം പ്രവൃത്തികൾക്കു പിന്നിലുണ്ടാവൂ. വയനാട് സംഭവത്തിനു തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ആസ്ഥാന മന്ദിരത്തിനു നേരെയും ചെറിയ തോതിലുള്ള കൈയേറ്റത്തിനു ശ്രമം നടന്നത് ഓർക്കുന്നു. പൊലീസിന്റെ സത്വര ഇടപെടലാണ് അന്ന് സംസ്ഥാനത്തെമ്പാടും സ്ഥിതി കൈവിട്ടുപോകാതെ രക്ഷിച്ചത്.

എ.കെ.ജി സെന്ററിനു നേരെ സ്ഫോടകവസ്തു വലിച്ചെറിഞ്ഞത് സ്കൂട്ടറിലെത്തിയ ആളാണെന്ന് സി.സിടിവി ദൃശ്യം വ്യക്തമാക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ അവിടെ കാവലിന് ആരുമില്ലായിരുന്നെന്നാണ് മനസിലാക്കേണ്ടത്. സ്ഫോടനശബ്ദം കേട്ടാണ് പൊലീസുകാരും ഓഫീസിലുള്ളവരും പാഞ്ഞെത്തിയത്. സംസ്ഥാനത്തെങ്ങുമുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി ആസ്ഥാനങ്ങളിൽ കൂടുതൽ ശക്തമായ നിരീക്ഷണവും കാവലും ഉറപ്പുവരുത്തേണ്ടതാണ്. പ്രകടമായ സുരക്ഷാവീഴ്ചയാണ് എ.കെ.ജി സെന്ററിനുനേരെ നടന്ന ബോംബേറ് എടുത്തുകാട്ടുന്നത്. അക്രമിയുടെ ദൃശ്യം ലഭിച്ചിട്ടുള്ള സ്ഥിതിക്ക് കുറ്റവാളിയെ പിടികൂടാൻ പൊലീസിനു കഴിയണം.

സംഭവമറിഞ്ഞയുടനെ അതിനു പിന്നിൽ കോൺഗ്രസുകാരാണെന്ന മട്ടിൽ പരസ്യപ്രസ്താവനയ്ക്കു തുനിഞ്ഞ സി.പി.എം നേതാവിന്റെ സമീപനം അനുചിതമായെന്നു പറയേണ്ടിയിരിക്കുന്നു. കാടടച്ചു വെടിവയ്ക്കുന്നതിനു പകരം അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കാനുള്ള വിവേകമാണ് ഇത്തരം സന്ദർഭങ്ങളിൽ കാണിക്കേണ്ടത്. അണികളെ പ്രകോപിപ്പിക്കാതിരിക്കുക എന്നതാണ് നേതാക്കൾക്കു സമൂഹത്തോടു ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം. പലപ്പോഴും പ്രവർത്തകർ നിലവിട്ട് പെരുമാറുന്നതും സംഘർഷം സൃഷ്ടിക്കുന്നതുമൊക്കെ നേതാക്കളുടെ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടാവും .

പാർട്ടി ഓഫീസുകൾക്കു നേരെയുള്ള അതിക്രമം തുടർക്കഥയാക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്. സാമൂഹ്യവിരുദ്ധർക്ക് മേയാൻ അവസരവും നൽകരുത്. അണികളെ നിയന്ത്രിച്ച് നിറുത്താനുള്ള ഉത്തരവാദിത്വം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെയാണെന്നു മറക്കരുത്.

Advertisement
Advertisement