എം.പി.ഓഫീസിൽ രാഹുൽ ഗാന്ധി: `വിഷമമുണ്ട്, ദേഷ്യമില്ല, കുട്ടികളോട് പൊറുക്കാം'

Friday 01 July 2022 11:48 PM IST

കൽപ്പറ്റ: `വിഷമമുണ്ട്, ദേഷ്യമില്ല. ഇത് ജനങ്ങളുടെ ഒാഫീസാണ്. കുട്ടികളുടേത് വിവേകമില്ലാത്ത നടപടിയായിപ്പോയി. ആക്രമം ഒന്നിനും പരിഹാരവുമല്ല. കുട്ടികൾ കാണിച്ചത് ഉത്തരവാദിത്വമില്ലായ്മാണ്. നിർഭാഗ്യകരം. വിദ്യാർത്ഥികളുടെ അരുതായ്മ പൊറുക്കാവുന്നതും മറക്കാവുന്നതുമാണ്. ഇക്കാര്യം എല്ലാവരും തിരിച്ചറിയണം'

ഒമ്പത് ദിവസം ദിവസം മുമ്പ് എസ്. എഫ്.ഐ പ്രവർത്തകർ ആക്രമിച്ച തന്റെ വയനാട്ടിലെ ഒാഫീസ് സന്ദർശിച്ചതിന് ശേഷം ആകാംക്ഷയോടെ കാത്തുനിന്ന മാദ്ധ്യമ സംഘത്തോടായി രാഹുൽഗാന്ധി പറഞ്ഞു.

എം.പി ഒാഫീസ് ആക്രമണത്തെ അതിശക്തമായ ഭാഷയിൽ തന്നെ രാഹുൽ ഗാന്ധി പ്രതികരിക്കുമെന്നാണ് ഏവരും കരുതിയത്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മുഖത്ത് നിരാശ പടർന്നു. സംസ്ഥാനത്തും ദേശീയ തലത്തിലേക്കും പടർന്ന പ്രതിഷേധം, രാഹുലിന്റെ മൃദുസമീപനത്തോടെ അലിഞ്ഞില്ലാതായി.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നേകാലോടെയാണ് രാഹുൽഗാന്ധി എം.പി കൽപ്പറ്റയിലെ ഓഫീസിലെത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, ജനറൽ സെക്രട്ടറി പി.എം. നിയാസ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, എ.പി. അനിൽകുമാർ, കെ.സി.അബു തുടങ്ങിയവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

അര മണിക്കൂറോളം ഓഫീസിൽ ചെലവഴിച്ച അദ്ദേഹം അക്രമത്തിനിടെ എസ്.എഫ്‌.ഐക്കാരുടെ മർദ്ദനമേറ്റ ഓഫീസ് ജീവനക്കാരൻ അഗസ്റ്റിൻ പുൽപ്പള്ളി, ഓഫീസിനു പുറത്തു സംഘർഷത്തിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരായ കെ.കെ. രാജേന്ദ്രൻ, ഡിന്റോ ജോസ് ഗിരീഷ് കൽപ്പറ്റ, ബിൻഷാദ് മടക്കി എന്നിവരോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഇന്നലെ കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് രാഹുൽഗാന്ധി കാർ മാർഗം വയനാട്ടിലെത്തിയത്. മാനന്തവാടിയിലെ ചടങ്ങിന് ശേഷം റസ്റ്റ് ഹൗസിൽ പാർട്ടി പ്രവർത്തകരെയും കണ്ടാണ് അദ്ദേഹം കൽപ്പറ്റയിലെത്തിയത്. ഉച്ച മുതൽ മാദ്ധ്യമപ്പട രാഹുലിന്റെ ഒാഫീസിന് മുന്നിൽ കാത്തുനിന്നിരുന്നു. പിന്നീട് കളക്ടറേറ്റിലെ യോഗത്തിനുശേഷം സുൽത്താൻ ബത്തേരിയിൽ നടന്ന ബഫർ സോൺ പ്രതിഷേധ റാലിയിൽ പങ്കെടുക്കാനാണ് രാഹുൽഗാന്ധി പോയത്.

Advertisement
Advertisement