അവാർഡുകളോടുള്ള മോഹം പലരെയും സിപിഎം അനുകൂലികളാക്കുന്നുണ്ട്, അടിമകളെ സൃഷ്ടിച്ച് ന്യായീകരണ തൊഴിലാളികളാക്കുന്ന രീതി കോൺഗ്രസിനില്ല;  ബേസിൽ ജോസഫിനെ അഭിനന്ദിച്ച് കെ സുധാകരൻ

Saturday 02 July 2022 12:19 PM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും സിപിഎം അനുകൂലികൾ ആക്കുന്ന കാലത്ത് കോൺഗ്രസ് ക്യാംപുകളിൽ സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചനയാണ്. അടിമകളെ സൃഷ്ടിച്ച് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതി കോൺഗ്രസിനില്ലെന്നും സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം...

സിനിമ രംഗത്തെ യുവതുര്‍ക്കികളെ കോണ്‍ഗ്രസ്സിന്റെ വേദികളില്‍ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാര്‍ഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികള്‍ ആക്കുന്ന ഇക്കാലത്ത്, കോണ്‍ഗ്രസിന്റെ ക്യാംപുകളില്‍ ജനങ്ങളോട് സംസാരിക്കാന്‍ സിനിമയിലെ യുവാക്കള്‍ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.

മേശപ്പുറത്ത് അവാര്‍ഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവര്‍ത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോണ്‍ഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങള്‍ക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങള്‍ക്കില്ല.

ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്‌നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ഷിവിറില്‍ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകന്‍ ബേസില്‍ ജോസഫിന് അഭിവാദ്യങ്ങൾ.