കോഴിക്കോട് സർവകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

Saturday 02 July 2022 12:34 PM IST

കോഴിക്കോട്: സർവകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. സർകലാശാലയിലെ സുരക്ഷാ ജീവനക്കാരനും വിമുക്തഭടനും കൂടിയായ വള്ളിക്കുന്ന് സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്.

തേഞ്ഞിപ്പാലത്തെ സ്കൂളിലെ പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെയാണ് മണികണ്ഠൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.

മൂന്ന് വിദ്യാർത്ഥിനികൾ ക്യാംപസ് പരിസരത്തുകൂടി വീട്ടിലേയ്ക്ക് പോവുകയായിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നാലെ പെൺകുട്ടികളിൽ ഒരാളെ തിരിച്ചുവിളിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഡ്യൂട്ടിക്കിടെ യൂണിഫോമിലാണ് ഇയാൾ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കരാർ ജീവനക്കാരനായ ഇയാളെ അടിയന്തരമായി പുറത്താക്കുമെന്ന് സർവകലാശാല അറിയിച്ചു. മണികണ്ഠനെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.