രമേഷ് പിഷാരടിയുടെ ചിത്രത്തിൽ സൗബിൻ നായകൻ

Sunday 03 July 2022 6:01 AM IST

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ നായകൻ. ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പഞ്ചവർണ തത്ത ആണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടി നായകനായി അഭിനയിച്ച ഗാനഗന്ധർവൻ ആണ് രണ്ടാമത്തെ ചിത്രം. അടുത്തിടെ നോ വേ ഔട്ട് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച് രമേഷ് പിഷാരടി തിളങ്ങിയിരുന്നു. ത്രില്ലർ ഗണത്തിൽപ്പെട്ട കുടുംബചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതേസമയം ഷാഹി കബീർ സംവിധാനം ചെയ്ത ഇലവീഴാ പൂഞ്ചിറ, സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ജിന്ന് എന്നിവയാണ് സൗബിൻ നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. ടൊവിനോ തോമസ് - കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പറവക്കുശേഷം സൗബിൻ സംവിധാനം ചെയ്യുന്ന ഓതിരം കടകം എന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ. ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.