ക്ളീൻ കോട്ടത്തോടിനായി കാത്ത് മാവേലിക്കര

Sunday 03 July 2022 1:13 PM IST

മാവേലിക്കര : എന്നും മാവേലിക്കര നഗരത്തിന്റെ ശാപമാണ് കോട്ടത്തോടിലെ മാലിന്യപ്രശ്നം. കാലാകാലങ്ങളിൽ വരുന്ന ഭരണകർത്താക്കാൾ കോട്ടത്തോട് ശുചീകരണത്തിന് ആവേശത്തോടെ ഇറങ്ങിത്തിരിക്കാറുണ്ടെങ്കിലും പാതിവഴിയിൽ ശ്രമം അവസാനിക്കുന്ന കാഴ്ചയാണ് ഇത്രനാളും കണ്ടിട്ടുള്ളത്. കോട്ടത്തോട്ടിലേക്ക് വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വച്ചിട്ടുള്ള മാലിന്യക്കുഴലുകൾ നീക്കം ചെയ്യാൻ കഴിയാതിരുന്നതാണ് ഇതിന് പ്രധാന കാരണം.

മാലിന്യക്കുഴലുകൾ നീക്കുന്ന ഘട്ടമെത്തുമ്പോൾ രാഷ്ട്രീയ ഇടപെടലുകൾ വരികയും പദ്ധതിതന്നെ വെള്ളത്തിലാകുകയും ചെയ്യുന്നതാണ് പതിവ്. എം.എസ്.അരുൺ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ക്ലീൻ മാവേലിക്കര" പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ കോട്ടത്തോടിന്റെ ശുചീകരണം ലക്ഷ്യമിടുന്നത്. എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ, തോടിന്റെ ശുചീകരണത്തിനു മുന്നോടിയായി ഉദ്യോഗസ്ഥരെ നിയോഗിച്ച് സർവേ നടത്താൻ തീരുമാനിച്ചിരുന്നു. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ സർവേയുടെ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിച്ചു. കോട്ടത്തോട്ടിലേക്കു മാലിന്യക്കുഴലുകൾ വച്ചിരിക്കുന്ന സ്ഥാപനങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. ഇവർക്ക് നോട്ടീസ് നൽകുകയാണ് അടുത്ത നടപടി. കുഴലുകൾ നീക്കിയില്ലെങ്കിൽ അധികൃതർ ഇവ നീക്കം ചെയ്യും. ഇതിന് ചെലവാകുന്ന തുക ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് ഈടാക്കണമെന്നും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നു കഴിഞ്ഞദിവസം ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചിരുന്നു. ക്ലീൻ കേരള പദ്ധതി മാവേലിക്കര നഗരസഭയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടത്തോടിന്റെ ശുചീകരണമാണു ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

എം.എൽ.എ നേരിട്ട് നടത്തുന്ന പദ്ധതിയാണ് ക്ലീൻ മാവേലിക്കര. നഗരസഭ പ്രദേശത്ത് പദ്ധതിയിൽ ആദ്യം ഏറ്റെടുത്തിരിക്കുന്നത് കോട്ടത്തോട് ശുചീകരണമാണ്. നഗരസഭ പൂർണ്ണ ഗൗരവത്തോടെ ഇത് ഏറ്റെടുക്കണം.

ഡി.തുളസിദാസ്, സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി.

ഭാവി തലമുറക്ക് വേണ്ടി രാഷ്ട്രീയ ചിന്ത കൂടാതെ ജനങ്ങൾ ഒന്നിക്കണം. എങ്ങനെയാണ് കോട്ടത്തോട് മലിനമാകുന്നതെന്ന് എല്ലാവർക്കും അറിയാം. ഇതിന് പരിഹാരം കാണാനാണ് ഇപ്പോൾ നടപടിയുമായി മുന്നോട്ട് പോകുന്നത്. എം.എൽ.എ മുന്നോട്ട് വച്ച ക്ലീൻ മാവേലിക്കര പദ്ധതിക്ക് നഗരസഭയുടെ പൂർണ പിന്തുണയുണ്ടാകും.

അനി വർഗീസ്, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

Advertisement
Advertisement