മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് ബി.ജെ.പി - സി.പി.എം ധാരണ: രാഹുൽ

Sunday 03 July 2022 12:32 AM IST

വണ്ടൂർ: ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുള്ളതിനാലാണ് കേരള മുഖ്യമന്ത്രിയെ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡി ചോദ്യം ചെയ്യാത്തതെന്ന് രാഹുൽഗാന്ധി എം.പി പറഞ്ഞു. കോൺഗ്രസ് ഐക്യദാർഢ്യ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ എതിർക്കുന്നവർക്ക് ഇ.ഡിയെ നേരിടേണ്ടി വരുമെന്നത് വ്യക്തമാണ്. അഞ്ച് ദിവസത്തെ ഇ.ഡിയുടെ ചോദ്യംചെയ്യൽ മെഡൽ ലഭിച്ച പോലെയാണ് കാണുന്നത്. ബി.ജെ.പി ബന്ധത്തിൽ സി.പി.എം സന്തോഷത്തിലാണ്. അവർക്ക് ഇഷ്ടമില്ലാത്തത് യു.ഡി.എഫിനെയും കോൺഗ്രസിനെയുമാണ്. തന്റെ ഓഫീസ് സി.പി.എം തകർത്തത് യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഒരുകിലോമീറ്റർ ജനവാസകേന്ദ്രം ബഫർസോണിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്രങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ മാദ്ധ്യമങ്ങളിലൂടെയും ഇ.ഡി, സി.ബി.ഐ എന്നിവയെ ഉപയോഗിച്ചും നിശബ്ദരാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. 50 മണിക്കൂറിലേറെ ചോദ്യം ചെയ്താൽ താൻ ഭയപ്പെടുമെന്ന് ബി.ജെ.പി കരുതി. മനുഷ്യരെ മതങ്ങളുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം. അഗ്നിപഥിനെതിരെ പോരാടിയവരെ അടിച്ചമർത്തുന്നതാണ് കണ്ടതെന്നും രാഹുൽഗാന്ധി പറഞ്ഞു.

മാദ്ധ്യമങ്ങളെ വിമർശിച്ച് രാഹുൽ

മഴയിൽ കാമറകൾ സംരക്ഷിക്കാൻ മാദ്ധ്യമപ്രവർത്തകർ‌ കൂട ചൂടിയതോടെ ചടങ്ങ് കാണാൻ കഴിയുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി. തുടർന്ന് കുടകൾ ഒഴിവാക്കാൻ രാഹുൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങൾ കാണിക്കുക. തന്റെ പരിപാടികൾ ചിത്രീകരിച്ചാലും കാണിക്കില്ല. അത് മാദ്ധ്യമപ്രവ‌ർത്തകരുടെ കുറ്റമല്ല,​ മേലധികാരികളിൽ നിന്ന് അവർക്ക് കിട്ടുന്ന നിർദ്ദേശപ്രകാരമാണെന്നും രാഹുൽ പറഞ്ഞു.