എ കെ ജി സെന്റർ ആക്രമണം; കസ്റ്റഡിയിൽ എടുത്തയാളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു

Sunday 03 July 2022 8:13 AM IST

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തയാളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതിനാണ് തിരുവനന്തപുരം അന്തിയൂർ‌ക്കോണം സ്വദേശിയും നിർമാണതൊഴിലാളിയുമായ റിജുവിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റിജുവിനെ കഴിഞ്ഞ ദിവസം കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് സംഭവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിക്കാതെ കുഴയുകയാണ് പൊലീസ്. അക്രമിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായത്.

സ്ഫോടനം നടത്തുന്നതിന് മുൻപ് മറ്റൊരു സ്കൂട്ടറിൽ വന്നയാൾ അക്രമിയ്ക്ക് ഒരു കവർ കൈമാറുന്നതും സംസാരിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സിസിടിവിയിൽ നിന്ന് സൂചന ലഭിച്ചുവെന്നാണ് വിവരം.എകെജി സെന്ററിന് സമീപത്തെ 70ഓളം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇവയിൽ നിന്ന് അക്രമിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നില്ല. സംഭവസമയം സ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ വിളികളും പരിശോധിക്കുകയാണ്.

Advertisement
Advertisement