സർക്കാർ ഉദ്യോഗസ്ഥനെന്ന് കേൾക്കുമ്പോൾ വിവാഹത്തിന് ഡബിൾ ഒ കെ പറയുന്നവർ സൂക്ഷിക്കുക, മാട്രിമോണിയൽ സൈറ്റിൽ വിഷ്ണുവിന്റെ വലയിൽ വീണവർ നിരവധി പേർ

Sunday 03 July 2022 10:12 AM IST

ചേർത്തല : വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവ് പിടിയിലായി. തിരുവനന്തപുരം ചെമ്പഴന്തി ചെറുകുന്നം പങ്കജ മന്ദിരത്തിൽ എച്ച്.യു.വിഷ്ണുവിനെയാണ് (27) ചേർത്തല തെക്ക് സ്വദേശിനി ചേർത്തല ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയെ തുടർന്ന് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹ മോചിതരായ സ്ത്രീകൾ അംഗങ്ങളായ മാട്രിമോണിയൽ സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം, സർക്കാർ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് വിഷ്ണു സമീപിച്ചിരുന്നത്. വിവാഹ വാഗ്ദാനം നൽകി അടുത്തു കൂടിയശേഷം ഘട്ടംഘട്ടമായി പണം വാങ്ങുന്നതാണ് രീതി. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ചിത്രം ഉപയോഗിക്കാതെ സുമുഖരായ മറ്റ് പുരുഷന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് സ്ത്രീകളെ വലയിലാക്കുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വൻകിട ഹോട്ടലുകളിൽ മുറിയെടുത്ത് ആഢംബര ജീവിതം നയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനായ വിഷ്ണുവിന് പ്രത്യേകിച്ച് ജോലികളൊന്നുമില്ല.

2021ലാണ് വിവാഹമോചിതയായ ചേർത്തല തെക്ക് സ്വദേശിനിയായ യുവതിയെ മാട്രിമോണിയൽ ആപ്ലിക്കേഷനിലൂടെ എറണാകുളം കളക്ട്രേറ്റിലെ റവന്യൂ ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിചയപ്പെട്ടത്. വിവാഹമോചിതനാണെന്നും മുംബയ് പോർട്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി ശരിയായിട്ടുണ്ടെന്നും നിലവിലെ ജോലി രാജിവയ്ക്കുകയാണെന്നും ഫോണിലൂടെ പറഞ്ഞു. തുടർന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പലതവണയായി ഗൂഗിൾ പേ വഴി ഏഴുലക്ഷം രൂപവാങ്ങി. 26000രൂപയുടെ ഫോണും കൈക്കലാക്കി. സുഹൃത്ത് അരുണെന്ന് പറഞ്ഞ് വിഷ്ണു തന്നെ യുവതിയുടെ വീട്ടിലെത്തി ഫോൺ വാങ്ങിയെടുത്തത്.

ഡിവൈ.എസ്.പി ടി.ബി.വിജയന്റെ നിർദ്ദേശ പ്രകാരം അർത്തുങ്കൽ എസ്.എച്ച്.ഒ പി.ജി.മധുവിന്റെ നേതൃത്വത്തിൽ എസ്.ഐ. ഡി.സജീവ് കുമാർ,ഉദ്യോഗസ്ഥരായ ആർ.ഷാം,എ.എൻ.സുധി, ക്രൈം സ്‌ക്വാഡിലെ സി.പി.ഒമാരായ കെ.പി.ഗിരീഷ്,സി.എസ്.ശ്യാംകുമാർ,പി.ആർ.പ്രവീഷ്,എം.അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ എറണാകുളത്തുനിന്ന് പിടികൂടിയത്. തൃശൂർ ചേലക്കരയിൽ ഇയാൾക്കെതിരെ സമാനകേസുണ്ട്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.