സൈന്യം ചെല്ലും മുൻപേ ആയുധധാരികളായ ഭീകരരെ ശരിപ്പെടുത്തി ഗ്രാമവാസികൾ, അഭിനന്ദനവുമായി ജമ്മു പൊലീസ്, ധീരതയ്ക്ക്  ഏഴ് ലക്ഷം റിവാർഡും പ്രഖ്യാപിച്ചു

Sunday 03 July 2022 1:04 PM IST

ശ്രീനഗർ : എ കെ 47 തോക്കുകളും ഗ്രനേഡുകളുമായി എത്തിയ കൊടും ഭീകരൻമാരെ കീഴടക്കി ഗ്രാമവാസികൾ. കാശ്മീരിലെ റിയാസി ജില്ലയിലെ തുക്സാൻ ഗ്രാമത്തിലാണ് കനത്ത ആയുധധാരികളായ രണ്ട് ലഷ്‌കർ ഇത്വയ്ബ ഭീകരരെ ഗ്രാമവാസികൾ ജീവനോടെ പിടികൂടിയത്. ഫൈസൽ അഹമ്മദ് ദാർ, താലിബ് ഹുസൈൻ എന്നിവരെയാണ് ഗ്രാമവാസികൾ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.

ഭീകരരുടെ പക്കൽ നിന്ന് കനത്ത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഗ്രാമവാസികളുടെ പ്രവർത്തിയാൽ വലിയ ആക്രമണമാണ് ഒഴിവായത്. രണ്ട് എകെ 47 തോക്കുകളും 7 ഗ്രനേഡുകളും ഒരു പിസ്റ്റളും ഭീകരരുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ ഭീകരർ കാശ്മീർ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നവരാണ്. ഇവർക്കായി പൊലീസും സൈന്യവും ഏറെക്കാലമായി തിരച്ചിൽ നടത്തിവരികയായിരുന്നു. അഹമ്മദ് ദാർ പുൽവാമയിലെ ഭീകരവാദിയാണ്, താലിബ് ഹുസൈൻ രജൗരിയിലെ ഇരട്ട ഐഇഡി ആക്രമണത്തിന് പിന്നാലെ ഒളിവിലായിരുന്നു. പാകിസ്ഥാൻ തീവ്രവാദ സംഘടനകളുമായി ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നു.

ഗ്രാമവാസികളുടെ ധീരതയെ പ്രശംസിച്ച് ജമ്മു കാശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. ഗ്രാമവാസികൾക്ക് ഡിജിപി രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഗ്രാമവാസികളെ പ്രകീർത്തിച്ച് ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും രംഗത്ത് വന്നു. ഗ്രാമവാസികൾക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഗ്രാമവാസികൾ കാണിക്കുന്ന ഇത്തരത്തിലുള്ള നിശ്ചയദാർഢ്യത്തിൽ തീവ്രവാദത്തിന്റെ അവസാന നാളുകൾ വിദൂരമല്ലെന്ന് മനോജ് സിൻഹ അഭിപ്രായപ്പെട്ടു.