കമലഹാസനെക്കുറിച്ച് പറയാൻ യോഗ്യനല്ല; വിക്രം സൃഷ്ടിച്ചതെങ്ങനെയെന്ന് ലോകേഷിനോട് ചോദിച്ചറിയണം; വൈറലായി മഹേഷ് ബാബുവിന്റെ വാക്കുകൾ

Sunday 03 July 2022 1:11 PM IST

ലോകേഷ് കനകരാജ് ചിത്രം വിക്രത്തെ ആവോളം പുകഴ്‌ത്തി തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. സംവിധായകൻ ലോകേഷിനെയും താരങ്ങളായ കമലഹാസനെയും വിജയ് സേതുപതിയെയും ഫഹദ് ഫാസിലിനെയും സംഗീത സംവിധായകൻ അനിരുദ്ധിനെയും പ്രശംസിച്ചുകൊണ്ട് മഹേഷ് ബാബു പങ്കുവച്ച ട്വീറ്റ് ഏറെ ശ്രദ്ധനേടുകയാണ്.

ബ്ളോക്ക്‌ബസ്റ്റർ സിനിമയെന്നും ന്യൂ ഏജ് കൾട്ട് ക്ളാസിക്കാണെന്നുമാണ് വിക്രത്തെ മഹേഷ് ബാബു വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ സൃഷ്ടിയെക്കുറിച്ച് സംവിധായകനായ ലോകേഷിനോട് ചോദിച്ചറിയണമെന്നും താരം പറഞ്ഞു. തിളക്കമാർന്ന പ്രകടനമാണ് വിജയ് സേതുപതിയും ഫഹദ് ഫാസിലും കാഴ്ചവച്ചത്. ഇതിലും മികച്ച രീതിയിൽ അഭിനയിക്കാൻ സാധിക്കില്ല. അനിരുദ്ധിന്റെ എക്കാലത്തെയും മികച്ച സംഗീതമായിരുന്നു വിക്രമിലേത്. ഏറെക്കാലത്തേയ്ക്ക് ചിത്രത്തിലെ പാട്ടുകൾ തന്റെ പ്ളേലിസ്റ്റിൽ ഉണ്ടാവും. ഇതായിരുന്നു താരത്തിന്റെ വാക്കുകൾ.

മഹേഷ് ബാബു കമലഹാസനെക്കുറിച്ച് പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധനേടുകയാണ്. ഇതിഹാസതാരമായ കമലഹാസന്റെ അഭിനയത്തെക്കുറിച്ച് പറയാൻ താൻ യോഗ്യനല്ലെന്നും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നുമാണ് താരം കുറിച്ചത്. തനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും സിനിമയെ സൂചിപ്പിച്ചുകൊണ്ട് മഹേഷ് ബാബു പറഞ്ഞു.