ഇടവേളബാബു അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനാണോ? മോഹൻലാൽ മൗനം വെടിയണമെന്ന് ഗണേശ് കുമാർ

Sunday 03 July 2022 2:15 PM IST

കൊച്ചി: നടൻ ദിലീപിനോടും വിജയ്‌ ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്ന് വിമർശിച്ച് കെ.ബി ഗണേശ് കുമാർ എംഎൽ‌എ. അമ്മ പ്രസിഡന്റ് മോഹൻലാലിന് അയച്ച തുറന്ന കത്തിലാണ് ഗണേഷ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അമ്മ സംഘടനയുടെ നേതൃത്വം ചിലർ ഹൈജാക്ക് ചെയ്‌തെന്ന് ഗുരുതര ആരോപണവും ഗണേശ് ഉയർ‌ത്തി.

അമ്മ യോഗത്തിൽ വിജയ് ബാബുവിനെ ആനയിച്ചത് ശരിയായില്ലെന്നും മാസ് എൻട്രിയെന്ന രീതിയിൽ അത് അമ്മ തന്നെ വീഡിയോയിറക്കിയെന്നും കത്തിൽ പറയുന്നു. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ? ജഗതി ശ്രീകുമാറിനെ വിവാദത്തിലേക്ക് ഇടവേള ബാബു വലിച്ചിഴച്ചത് എന്തിനാണെന്ന് കത്തിൽ ചോദിച്ച ഗണേശ് ജഗതി ശ്രീകുമാറിനെ അപമാനിക്കാൻ ശ്രമിച്ചതെന്തിനാണെന്നും ചോദിച്ചു.

ബിനീഷ് കോടിയേരിയുടെ വിഷയം അമ്മ യോഗത്തിൽ ചർച്ച ചെയ്‌ത ദിവസം താൻ യോഗത്തിലുണ്ടായിരുന്നു. ബിനീഷിനെതിരെയുള‌ളത് സാമ്പത്തിക കുറ്റ‌കൃത്യമാണ് അത് പീഡനകേസുമായി താരതമ്യം ചെയ്യണോ എന്ന് കത്തിൽ ചോദിച്ച ഗണേശ് ഇടവേള ബാബുവിനെതിരെ ശക്തമായ നിലപാടെടുത്തു. അമ്മ ക്ളബ് ആണെന്നാണ് ഇടവേള ബാബു പറഞ്ഞത്. ഇടവേള ബാബു ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോയെന്നും അദ്ദേഹം ചോദിച്ചു.മോഹൻലാൽ മൗനം തുടരുന്നത് വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അമ്മയിലെ പ്രശ്‌നങ്ങൾ തുറന്നുകാട്ടാൻ പലരും മടിക്കുന്നതിന് കാരണം സിനിമയിലെ അവസരങ്ങൾ, കൈനീട്ടം എന്നിവ കരുതിയാണ്. തനിക്ക് ആരെയും ഭയമില്ലെന്നും ഗണേശ് കത്തിൽ പറയുന്നു. മുൻപും പലതവണ മോഹൻലാലിന് കത്തുകൾ നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ഗണേശ് അറിയിച്ചിരുന്നു.