ഇൻഡിഗോ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു, വിമാനങ്ങൾ വൈകിയത് മണിക്കൂറുകളോളം, കൂട്ട അവധിക്ക് പിന്നിൽ എയർ ഇന്ത്യ

Sunday 03 July 2022 7:29 PM IST

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വേണ്ടി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് കാരണം ഇൻഡിഗോ എയർലൈൻസിന്റെ വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. ഇൻഡിഗോ എയർലൈൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന 55 ശതമാനം വിമാനങ്ങളും ഇന്ന് മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജീവനക്കാർ കൂട്ടത്തോടെ സുഖമില്ലെന്ന കാരണം കാണിച്ചാണ് അവധിക്ക് അപേക്ഷിച്ചത്. കൊവിഡ് കാലമായതിനാൽ വ്യോമയാന കമ്പനി എതിർപ്പ് ഉയർത്തിയതുമില്ല. എന്നാൽ അവധിയെടുത്ത് ജീവനക്കാരെല്ലാം എയർ ഇന്ത്യയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയത് ഇൻഡിഗോയ്ക്ക് നാണക്കേടായി.

യാത്രക്കാരുടെ ഭാഗത്ത് നിന്ന് വ്യാപകമായി പരാതികൾ എത്തിയതോടെ സംഭവത്തിൽ ഇൻഡിഗോയോട് ഡിജിസിഎ വിശദീകരണം ചോദിച്ചു. ദിവസേന 1500 ലേറെ ആഭ്യന്തര സർവീസുകൾ ആണ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഇൻഡിഗോ നടത്തുന്നത്. യാത്രക്കാർ ഇൻഡിഗോയ്ക്കെതിരെ രൂക്ഷമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ കഴിയേണ്ടി വന്നിട്ടും എ സി ഇടാൻ പോലും ജീവനക്കാർ തയ്യാറായില്ലെന്ന് ഒരു യാത്രക്കാരൻ ട്വിറ്ററിൽ കുറിച്ചു. വിമാനത്തിന്റെ എ സി എൻജിനുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും എൻജിൻ പ്രവർത്തിച്ചു തുടങ്ങുമ്പോൾ മാത്രമാണ് എ സിയും പ്രവർത്തിക്കുക എന്ന് ഇതിന് മറുപടിയായി ഇൻഡിഗോ ട്വീറ്റ് ചെയ്തു.