വാട്സാപ്പിൽ ഒളിച്ചിരിക്കാൻ പറ്റുമോ? ഇനി മുതൽ സാധിക്കും; പുത്തൻ അപ്ഡേറ്റുമായി മെസേജിംഗ് ആപ്പ് എത്തുന്നു

Sunday 03 July 2022 8:26 PM IST

വാട്സാപ്പിൽ പലരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമായിരിക്കണം തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നു എങ്കിലെന്ന്. ഒരുതരത്തിലുള്ള ഒളിച്ചുകളി. ഓൺലൈൻ ആയിരിക്കുകയും വേണം എന്നാൽ ഓൺലൈൻ ആണെന്ന കാര്യം മറ്റുള്ളവർ അറിയുകയും ചെയ്യരുത്. വാട്സാപ്പ് ഇപ്പോൾ ഇത്തരത്തിലൊരു അപ്ഡേറ്റിന്റെ പണിപ്പുരയിലാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് ഈ അപ്ഡേറ്റിലൂടെ വാട്സാപ്പ് ഉപഭോക്താവിന് താൻ ഓൺലൈൻ ആണോ അല്ലയോ എന്ന വിവരം മറച്ചുവയ്ക്കാൻ സാധിക്കും.

നിലവിൽ ഫോൺ തുറന്ന് വാട്സാപ്പ് ഓപ്പൺ ചെയ്താൽ നിങ്ങളുടെ പ്രൊഫൈലിൽ ഓൺലൈൻ എന്ന് രേഖപ്പെടുത്തും. മറ്റുള്ളവർക്ക് വാട്സാപ്പ് ഉപഭോക്താവ് നിലവിൽ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട് എന്നും അയയ്ക്കുന്ന സന്ദേശങ്ങൾ കാണുന്നുണ്ട് എന്നതിനുമുള്ള തെളിവാണ്. എന്നാൽ അടുത്തതായി വരുന്ന അപ്ഡേറ്റ് അനുസരിച്ച് വാട്സാപ്പ് ഉപഭോക്താവിന് തന്റെ ഓൺലൈൻ സ്റ്റാറ്റസ് ആര് കാണണമെന്ന് നിശ്ചയിക്കാൻ സാധിക്കും.
നിലവിൽ ഇത്തരമൊരു അപ്ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്സാപ്പ്. അപ്ഡേറ്റ് ഉടൻ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ലഭ്യമാകാനും സാദ്ധ്യതയുണ്ട്. പുതിയ അപ്ഡേറ്റ് രണ്ട് രീതിയിലായിരിക്കും പ്രവ‌ത്തിക്കുക. ഒന്ന് നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്ക് മാത്രം നിങ്ങൾ ഓൺലൈൻ ആണോ എന്ന് അറിയാൻ സാധിക്കും. നിങ്ങളുടെ ഫോണിൽ സേവ് ചെയ്യാത്ത നമ്പർ ഉപയോഗിച്ച് വാട്സാപ്പ് ചെയ്യുന്നവർക്ക് നിങ്ങൾ ഓൺലൈൻ ആണോ അല്ലയോ എന്ന് അറിയാൻ സാധിക്കില്ല. രണ്ടാമത്തെ മാർഗം അനുസരിച്ച് ആർക്കും തന്നെ നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് അറിയാൻ സാധിക്കില്ല. രണ്ടാമത്തെ മാർഗ്ഗത്തിൽ ഉപഭോക്താവ് തിരഞ്ഞെടുക്കുന്നവർക്ക് ഓൺലൈൻ സ്റ്റാറ്റസ് അറിയാനുള്ള സൗകര്യം വാട്സാപ്പ് ഏർപ്പെടുത്തിയേക്കുമെന്നും കരുതുന്നു.

Advertisement
Advertisement