ബേബി ഷവറിന് ഭർത്താവ് എത്തിയത് കുഞ്ഞ് തന്റേതല്ലെന്ന് തെളിയിക്കുന്ന രേഖകളുമായി, ഭാര്യയും കാമുകനും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോയും പരസ്യപ്പെടുത്തി, കാമുകനെ ആദ്യം തല്ലിയത് അയാളുടെ ഭാര്യ

Sunday 03 July 2022 9:36 PM IST

ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. ആ സന്തോഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി പങ്കു വയ്ക്കുകയാണ് ബേബി ഷവർ ചടങ്ങിലൂടെ നടക്കുന്നത്. അത്തരത്തിലൊരു ബേബി ഷവറിൽ നടന്ന അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകളും കലഹങ്ങളുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിലുള്ളത്.

ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലും യൂട്യൂബിലും വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും സ്പാനിഷ് ഭാഷയാണ് വീഡിയോയിലുള്ളവർ സംസാരിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ള ബേബി ഷവർ ചടങ്ങിൽ തന്റെ ഗർഭിണിയായ ഭാര്യയുടെ ഉദരത്തിൽ വളരുന്നത് തന്റെ കുഞ്ഞല്ലെന്ന് ഭർത്താവ് പ്രഖ്യാപിക്കുകയായിരുന്നു. അഭിഭാഷകനെയും കൂട്ടിയാണ് ഭർത്താവ് ചടങ്ങിനെത്തിയത്. ചടങ്ങ് തുടങ്ങുമ്പോൾ തന്നെ അതിഥികളുടെ മുമ്പിൽ വച്ച് തെളിവുകൾ നിരത്തി കുഞ്ഞ് തന്റേതല്ലെന്ന ആരോപണം ഇദ്ദേഹം ഉന്നയിക്കുകയും ചടങ്ങിൽ സന്നിഹിതനായിരുന്ന മറ്റൊരാളെ പരിചയപ്പെടുത്തി അയാളാണ് കുഞ്ഞിന്റെ യഥാർത്ഥ പിതാവെന്നും ഈ ചടങ്ങ് അവർക്ക് വേണ്ടിയുള്ളതാണെന്നും താൻ പോകുകയാണെന്നും പറഞ്ഞ് ഭർത്താവ് ഇറങ്ങിപോകുന്നതും വീഡിയോയിൽ കാണാം.

ഭാര്യ കാമുകനൊപ്പം ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ അഭിഭാഷകൻ അതിഥികൾക്ക് മുമ്പിൽ കാണിക്കുകയും ചെയ്തു. സന്തോഷത്തോടെ തുടങ്ങിയ ബേബി ഷവർ ചടങ്ങുകൾ വൻ അടിപിടിയിലാണ് പിന്നീട് അവസാനിച്ചത്. പുറത്തേക്കിറങ്ങി പോയ ഭർത്താവിന് പിന്നാലെ ഭാര്യ പോകുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഇതിനിടയിൽ അതിഥികൾ കാമുകനെ ആക്രമിക്കാൻ തുടങ്ങി. ആദ്യത്തെ അടി അടിച്ചത് ഇയാളുടെ ഭാര്യ തന്നെയാണ്. ഗർഭിണിയായ സ്ത്രീയുടെ പിതാവും ബന്ധുക്കളും കൂട്ടത്തല്ലിൽ പങ്കാളികളായി. ബേബി ഷവറിന് വേണ്ടി മുറിക്കാൻ വച്ചിരുന്ന കേക്ക് കാമുകന്റെ തലയിലേക്ക് എടുത്ത് കമഴ്ത്തുന്നതും വീഡിയോയിൽ കാണാം.