ലിസിഷാൻസ്‌കും കീഴടക്കി, ലുഹാൻസ് മേഖലയിൽ ആധിപത്യം ഉറപ്പിച്ച് റഷ്യ

Monday 04 July 2022 12:07 AM IST

 പോരാട്ടം തുടരുന്നുവെന്ന് യുക്രെയിൻ


കീവ് : യുക്രെയിനിലെ തന്ത്രപ്രധാന നഗരമായ ലിസിഷാൻസ്‌ക് പിടിച്ചെടുത്തെന്നും ഇതോടെ ലുഹാൻസ്‌ക് മേഖലയിലെ മുഴുവൻ നിയന്ത്രണവും റഷ്യയ്ക്കായെന്നും പ്രതിരോധമന്ത്രി സെർജി ഷൊയ്ഗു പറഞ്ഞു.

ലിസിഷാൻസ്‌ക്, സമീപ നഗരങ്ങളായ ബെലോഗൊരോവ്ക, നോവോഡ്രുസ്‌ക്, ബിലാ ഹോറ തുടങ്ങിയവയുടെ പൂർണ നിയന്ത്രണം റഷ്യൻ സൈനത്തിനാണെന്ന് മോസ്‌കോ അധികൃതർ പ്രസ്താവനയിൽ അവകാശപ്പെട്ടു.

അതേസമയം, പോരാട്ടം തുടരുകയാണെന്നും റഷ്യയ്ക്ക് ഇത് വരെ പട്ടണം പിടിച്ചെടുക്കാനായിട്ടില്ലെന്നും യുക്രെയിൻ അറിയിച്ചു. എന്നാൽ റഷ്യൻ സൈന്യം ലിസിഷാൻസ്‌ക് തെരുവുകളിലൂടെ പരേഡ് നടത്തുന്ന വീഡിയോ റഷ്യൻ അനുഭാവമുള്ള വിഘടനവാദികൾ പുറത്തുവിട്ടിരുന്നു. പട്ടണത്തിന്റെ ഭരണ കേന്ദ്രത്തിൽ സോവിയറ്റ് പതാക സ്ഥാപിക്കുന്ന വിഡിയോ റഷ്യയും പുറത്ത് വിട്ടിരുന്നു.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ലുഹാൻസ്‌കിനെ മോചിപ്പിച്ചതായി പ്രതിരോധമന്ത്രി സെർജി ഷോയിഗു റഷ്യൻ പ്രസിഡന്റും സായുധ സേനയുടെ കമാൻഡർ ഇൻ ചീഫുമായ വ്ളാഡിമിർ പുടിനെ അറിയിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയുടെ ഉപദേഷ്ടാവ് നഗരം വീഴുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

ഡോൺബാസിലെ പ്രധാനപ്പെട്ട പട്ടണമാണ് ലിസിൻഷാൻസ്‌ക്. ഖാർഖീവിന്റെ വടക്കൻ പ്രദേശങ്ങളിലും മൈകൊളെയ്‌വിലും റഷ്യ ആക്രമണം ശക്തമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഡേസയിൽ ബോംബാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.

യുക്രെയിന്റെ മിസൈലുകൾ തകർത്തതായി ബെലാറസ് പ്രസിഡന്റ് അലെക്സാൻഡർ ലുകാഷെൻകൊ അറിയിച്ചു. എന്നാൽ ഏറ്റുമുട്ടൽ എവിടെ വച്ചാണ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

നിലവിൽ മരിയുപോളും സെവെറോഡോനെറ്റ്സ്‌കും റഷ്യൻ നിയന്ത്രണത്തിലാണ്. ലുഹാൻസ് കൂടി പിടിച്ചെടുത്തതോടെ യുക്രെയ്നിലെ റഷ്യയുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളുടെ പട്ടിക വലുതാവുകയാണ്.

ഫെബ്രുവരി 24 നാണ് യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത്. പിന്നാലെ യുക്രെയിൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യം സൈന്യം ശ്രമിച്ചെങ്കിലും യുക്രെയിൻ ചെറുത്തു നില്പ് തുടരുകയാണ്.

Advertisement
Advertisement