പവിഴപ്പുറ്റിന്റെ ആകൃതിയിൽ ഒഴുകുന്ന നഗരം ,​ വീടുകളും റസ്റ്റാറന്റുകളും നിറഞ്ഞ നഗരം നിർമ്മിക്കുന്നതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട്

Sunday 03 July 2022 11:19 PM IST

കടൽ നികത്തി ഈന്തപ്പനയുടെ ആകൃതിയിൽ ദുബായിൽ നിർമ്മിച്ചിരിക്കുന്ന പാം ദ്വീപുകൾ പ്രസിദ്ധമാണ്. ഇപ്പോഴിതാ ഇതിന് സമാനമായ രീതിയിൽ മാലദ്വീപിൽ കടലിൻമേൽ നഗരം നിർമ്മിക്കുകയാണ്. സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ഈ നഗരത്തിന്റെ നിർമ്മാണം. സമുദ്രത്തിൽ ഉയർന്നു കിടക്കുന്ന രീതിയിൽ നിർമ്മാണം ആരംഭിക്കാനിരിക്കുന്ന തെക്കൻ കൊറിയയിലെ ഓഷ്യാനിക് സിറ്റിയുടെ മാതൃകയിലാണ് ഇത് രൂപകല്‌പന ചെയ്തിരിക്കുന്നത്.

ബുസാനിൽ ഓഷ്യാനിക് സിറ്റിയുടെ നിർമ്മാണം 2023ൽ ആരംഭിക്കുമെന്നാണ് ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മാലദ്വീപിൽ 2024ന്റെ തുടക്കത്തിൽ തന്നെ ആളുകൾക്ക് താമസം ആരംഭിക്കാനാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ബ്രെയിൻ പവിഴപ്പുറ്റിന്റെ ആകൃതിയിൽ നഗരം രൂപകല്പന ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരത്തിന് പുറത്താണ് ഇതിന്റെ നിർമ്മാണം. വെള്ളത്തിന് മുകളിൽ ഉയർന്നുകിടക്കുന്ന 5000 യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാണ് നഗരം. വീടുകൾ റസ്റ്റാറന്റുകൾ,​ ഷോപ്പുകൾ,​ സ്കൂളുകൾ എന്നിവയെല്ലാം ഇവിടെയുണ്ടാകും. നിർമ്മിതികളുടെ ഇടയിൽകൂടി കനാലുകൾ ഒഴുകുന്ന രീതിയിലാണ് നിർമ്മാണം.

20000 പേരെ ഉൾക്കൊള്ളാനാവുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. ചുഴലിക്കാറ്റുകളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം. പ്രാദേശിക തുറമുഖത്തിലാണ് കെട്ടിടങ്ങളുടെ നിർമ്മാണം ഇപ്പോൾ നടക്കുന്നത്. ഇവ പിന്നീട് നഗരത്തിലേക്ക് എത്തിക്കും. ആദ്യ യൂണിറ്റുകളുടെ നിർമ്മാണം ഈ മാസം പൂർത്തിയാകും.

നഗരത്തിലേക്ക് എത്തിക്കുന്ന യൂണിറ്റുകൾ കടലിനടിയിൽ നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് പ്രതലവുമായി ബന്ധിപ്പിച്ചാണ് ഉറപ്പിക്കുന്നത്. കരയിലെ മറ്റ് ഏതൊരു നഗരവും പോലെ സുഗമമായി പ്രവർത്തിക്കാൻ ഈ നഗരത്തിനും സാധിക്കുമെന്ന് നിർമ്മാണ കമ്പനിയുടെ സ്ഥാപകനായ കൊയെൻ ഒൽത്യുയിസ് പറയുന്നു ആ‍ർക്കിടെക്ചറൽ സ്ഥാപനമായ വാട്ടർ സ്റ്റുഡിയോ ആണ് രൂപകല്പന നിർവഹിച്ചിരിക്കുന്നത്.

ബോട്ട്മാർഗവും നടന്നും സൈക്കിൾ വഴിയും നഗരത്തിലേക്ക് എത്താം. ഒരു സ്റ്റുഡിയോ യൂണിറ്റിന് ഒരു കോടിക്ക് മുകളിലാണ് വിലയിട്ടിരിക്കുന്നത്. വലിയ വീടുകൾക്ക് രണ്ടുകോടി വരെ വിലവരാം.