ഇന്ത്യൻ വ്യവസായ പ്രമുഖർക്ക് 5 വർഷ വിസ അനുവദിച്ച് ശ്രീലങ്ക

Monday 04 July 2022 12:19 AM IST

കൊളംബോ : രാജ്യത്തെ വ്യവസായ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയിലെ ഇന്ത്യൻ വ്യവസായ പ്രമുഖർക്ക് 5 വർഷത്തേക്കുള്ള വിസ അനുവദിച്ചു.

പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലങ്കൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പി.എൽ.സി മാനേജിംഗ് ഡയറക്ടർ മനോജ് ഗുപ്ത അടക്കം 10 വ്യവസായികൾക്ക് മന്ത്രി ദാമ്മിക പെരേര വിസ വിതരണം ചെയ്തു. ശ്രീലങ്കൻ സർക്കാരിന്റെ നടപടിയെ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ സ്വാഗതം ചെയ്തു.

നേരത്തെ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബാങ്ല ശ്രീലങ്കൻ വ്യവസായ മന്ത്രി നളിൻ ഫെർണാണ്ടോയുമായുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്തിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് ജീവൻരക്ഷാ മരുന്നുകളും, 40,000 മെട്രിക് ടൺ പെട്രോളും, 4,00,000 മെട്രിക് ടൺ പാചക വാതകവും ഇന്ത്യ എത്തിച്ചിരുന്നു. ജൂൺ മൂന്നിന് 3.3 ടൺ മെഡിക്കൽ ഉപകരണങ്ങളും കൈമാറിയിരുന്നു.