സാമൂഹ്യമാദ്ധ്യമ റിപ്പോർട്ടിന് നിയന്ത്രണം വേണം: ജസ്റ്റിസ് ജെ.ബി. പർദിവാല

Monday 04 July 2022 12:29 AM IST

ന്യൂഡൽഹി: കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പ്രധാനപ്പെട്ട കേസുകളുടെ നടപടികൾ സാമൂഹ്യ, ഡിജിറ്റൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് നിയന്ത്രണം കൊണ്ട് വരണമെന്ന് സുപ്രീം കോടതി ജഡ്ജി ജെ.ബി. പർദിവാല പറഞ്ഞു. ഇത്തരം മാദ്ധ്യമങ്ങളിൽ നടക്കുന്ന മാദ്ധ്യമ വിചാരണ ജുഡിഷ്യൽ നടപടികളിലുള്ള ഇടപെടൽ ആയെ കാണാനാകൂ. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നിയമം കൊണ്ട് വരണം. നൂപൂർ ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സുപ്രീം കോടതി ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് പർദിവാല. രണ്ടാമത് ജസ്റ്റിസ് എച്ച്.ആർ. ഖന്ന അനുസ്മരണ സിമ്പോസിയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അർദ്ധ സത്യങ്ങൾ മാത്രം പറയുന്ന മാദ്ധ്യമ വിചാരണകൾ ലക്ഷ്മണ രേഖ മറികടക്കുന്ന നടപടിയാണ്. കേസുകളുടെ വിചാരണ നടക്കേണ്ടത് കോടതികളിലാണ്. വിധി പറഞ്ഞ ജഡ്ജിയെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിഷേപിക്കുന്ന പ്രവണത വർദ്ധിക്കുകയാണ്. വിയോജിപ്പുള്ള വിധികളെ വിമർശിക്കുന്നതിന് പകരമാണ് ഇത് ചെയ്യുന്നത്. നിയമപരമായ വിശകലനത്തെ കുറിച്ച് ആലോചിക്കാതെ പകരം മാദ്ധ്യമങ്ങളിൽ എന്ത് വരുമെന്നതിനെ കുറിച്ച് ജഡ്ജിമാർ ചിന്തിക്കുന്ന അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചേരും. രാജ്യത്തെ ജുഡിഷ്യൽ വ്യവസ്ഥയെ ഇത് ബാധിക്കും. നിയമപരമായ വിഷയങ്ങൾ രാഷ്ട്രീയ വിഷയമാക്കി മാറ്റാനാണ് സാമൂഹ്യ മാദ്ധ്യമങ്ങളുടെ ശ്രമം. സിവിൽ തർക്കം മാത്രമായിരുന്ന അയോദ്ധ്യ കേസിനെ രാഷ്ട്രീയ വിഷയമാക്കി മാറ്റിയത് ഈ മാദ്ധ്യമങ്ങളാണ്. ജനങ്ങളുടെ താല്പര്യത്തിന് ഭിന്നമായ വിധികൾ കോടതികളിൽ നിന്ന് ഉണ്ടാകാറുണ്ടെന്ന് ശബരിമല വിഷയം ചൂണ്ടിക്കാട്ടി ജസ്റ്റിസ് പർദിവാല പറഞ്ഞു.

Advertisement
Advertisement