വെള്ളത്തിന് മുകളിൽ 50 അടി വലിപ്പത്തിൽ കമലഹാസൻ ചിത്രം

Monday 04 July 2022 1:28 AM IST

കൊടുങ്ങല്ലൂർ : നീന്തൽക്കുളത്തിൽ, വെള്ളത്തിന് മുകളിൽ അമ്പതടി വലിപ്പമുള്ള കമലഹാസൻ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്. നിരവധി മീഡിയങ്ങളിൽ ചിത്രം തീർക്കുന്ന സുരേഷിന്റെ 85ാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രമാണ് ഫോം ഷീറ്റിൽ പിറന്നത്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിറങ്ങളിലുള്ള 2500 എ ഫോർ സീറ്റുകളാണ് ഉലകനായകൻ കമലഹാസന്റെ ചിത്രം തയ്യാറാക്കാനായി ഉപയോഗിച്ചത്. ഓരോ ഷീറ്റും സ്റ്റാപ്ളയർ അടിച്ചും വെള്ളത്തോട് സമ്പർക്കമില്ലാത്ത ഇടങ്ങളിൽ ഫ്ളക്സ് ഗം ഉപയോഗിച്ചുമാണ് കൂട്ടിയോജിപ്പിച്ചത്.

മൂന്നാറിലെ വൈബ് റിസോർട്ടിന്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ട് ദിവസം സമയമെടുത്ത് അൻപതടി നീളത്തിലും 30 അടി വീതിയിലുമാണ് ചിത്രം നിർമ്മിച്ചത്. കണ്ടന്റ് ക്രിയേറ്റേഴ്‌സ് ഓഫ് കേരള എന്ന യൂട്യൂബേഴ്‌സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ചിത്രം തീർത്തത്. തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയത്തിലുമൊക്കെ വലിയ ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും സ്വിമ്മിംഗ് പൂൾ കാൻവാസാക്കുന്നത് ആദ്യമാണെന്ന് സുരേഷ് പറഞ്ഞു. സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്ത്, രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായി. ജിജോയും ലിജോയും ചിത്രങ്ങൾ കാമറയിൽ പകർത്തി.

ആദ്യഘട്ടത്തിൽ ഫോം ഷീറ്റ് ഉപയോഗിച്ച് ടാങ്കിൽ ചിത്രങ്ങൾ ചെയ്യാൻ പരിശീലിച്ചിരുന്നു. മൂന്നാറിലെത്തിയപ്പോൾ മഴയും മഞ്ഞും കാറ്റുമൊക്കെ വെല്ലുവിളിയായി. അഞ്ചാം നിലയുടെ മുകളിലായതിനാൽ കാറ്റ് വില്ലനായി. അതിനാൽ മുഖം മാത്രം പൂർത്തിയാക്കി ചിത്രം അവസാനിപ്പിക്കുകയായിരുന്നു.

ഡാവിഞ്ചി സുരേഷ്

Advertisement
Advertisement