കോപ്പൻഹേഗനിലെ വെടിവെപ്പിൽ മരിച്ചത് മൂന്നുപേർ, ഭീകരബന്ധം തേടി പൊലീസ്; പ്രതിയായ 22 കാരൻ പിടിയിൽ

Monday 04 July 2022 7:51 AM IST

കോപ്പൻ‌ഹേഗൻ(ഡെന്മാ‌ർക്ക്): കോപ്പൻഹേഗനിൽ മാളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേ‌ർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പ്രാദേശിക സമയം ഞായറാഴ്‌ച വൈകിട്ട് 5.30ഓടെ (ഇന്ത്യൻ സമയം രാത്രി ഒൻപത്) ആരംഭിച്ച കനത്ത വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. 22 വയസുകാരനായ ഡെന്മാർക്ക് പൗരനാണ് അക്രമി. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

മൃഗവേട്ടയ്‌ക്ക് ഉപയോഗിക്കുന്ന വലിയ റൈഫിളുമായി മാളിലെത്തി യുവാവ് തുടർച്ചയായി വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മരിച്ചവരിൽ രണ്ടുപേർ യുവാക്കളാണ്. ഒരാൾക്ക് നാൽപത് വയസിന് മുകളിൽ പ്രായമുണ്ടെന്ന് കരുതുന്നതായും കോപ്പൻഹേഗൻ പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഏതെങ്കിലും തരത്തിലെ തീവ്രവാദ ആക്രമണമാണെന്ന് പറയാനാവില്ലെന്നും എന്നാൽ അത്തരം ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വെടിവച്ചയാൾ ഒറ്റ‌യ്‌ക്കാണ് ആക്രമണം നടത്തിയത്. ഇയാൾ തലയ്‌ക്ക് നേരെ തോക്ക് ചൂണ്ടിനിൽക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഗായകൻ ഹാരി സ്‌റ്റൈൽസിന്റെ സംഗീത പരിപാടി നടക്കുന്നതിന് ഒന്നര കിലോമീ‌റ്ററോളം അടുത്താണ് ആക്രമണമുണ്ടായത്. തുടർന്ന് പരിപാടി റദ്ദാക്കി. ഒരാഴ്‌ച മുൻപ് തൊട്ടടുത്ത രാജ്യമായ നോർവെയിൽ ഒസ്‌ലോയിൽ നടന്ന വെടിവയ്‌പ്പിൽ രണ്ടുപേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുൻപാണ് പുതിയ സംഭവം.