ആയിരത്തോളം കൊടും ക്രിമിനലുകളെ അഴിക്കുള‌ളിലാക്കി, കോടികളുടെ സ്വത്ത് പിടിച്ചെടുത്തു; യുപിയിൽ മാഫിയകൾക്ക് പേടിസ്വപ്‌നമായി യോഗിയുടെ രണ്ടാം സർക്കാർ

Monday 04 July 2022 12:09 PM IST

ലക്‌നൗ: ഇന്ത്യ മുഴുവൻ ഉറ്റുനോക്കിയ യു.പി തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി രണ്ടാം തവണയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന്റെ നൂറാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഈ നൂറ് ദിവസങ്ങൾക്കിടെ സംസ്ഥാനത്ത് വ്യവസായങ്ങൾ കൊണ്ടുവരുന്നതിനും പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്നതിനുമടക്കം ജനക്ഷേമപരമായ നിരവധി തീരുമാനങ്ങൾ യോഗി സ‌ർക്കാർ കൈക്കൊണ്ടു. എന്നാൽ ഇവയെക്കാളേറെ ശ്രദ്ധേയമായത് ക്രമസമാധാന പാലനത്തിൽ യോഗി കൈക്കൊണ്ട നടപടികളാണ്.

കഴിഞ്ഞ അഞ്ച് വ‌ർഷത്തിനിടെ ക്രമസമാധാന പാലനത്തിൽ വളരെയേറെ മുന്നേറാൻ യു.പി സർക്കാരിനായി. ഇതിന്റെ തുടർച്ചയായി രണ്ടാം യോഗി സർക്കാർ ആദ്യ നൂറ് ദിനങ്ങൾക്കിടെ ശക്തമായ നടപടികളാണ് കൈക്കൊള‌ളുന്നത്. ഇന്നാണ് സർക്കാരിന്റെ നൂറാം ദിനം. ഇതിൽ മാ‌ർച്ച് 25 മുതൽ ജൂലായ് ഒന്ന് വരെ 525 എൻകൗണ്ടറുകളാണ് പൊലീസ് സംസ്ഥാനത്ത് നടത്തിയത്. 1034 കൊടും ക്രിമിനലുകളെ അറസ്‌റ്റ് ചെയ്‌തു. ഏറ്റുമുട്ടലുകൾക്കിടെ 425 കുറ്റവാളികൾക്ക് പരിക്കേറ്റു. അഞ്ച് പേരെ വധിച്ചു. 68 പൊലീസുകാർക്കും ഇതിനിടെ പരിക്കേറ്റിട്ടുണ്ട്.

രണ്ടാം യോഗി സർക്കാർ 50ഓളം മാഫിയകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇവരിൽ നിന്നെല്ലാമായി 190 കോടിയുടെ സ്വത്തുവകകൾ പിടികൂടി. ഗുണ്ടാനിയമ പ്രകാരം 582 സ്വത്തുക്കൾ കണ്ടുകെട്ടി. പന്ത്രണ്ടോളം ഗുണ്ടാസംഘങ്ങളിൽ നിന്നും 92 കോടിയുടെ വസ്‌തുവകകൾ കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് മാഫിയകൾ 2433 ആണ്. 17,169 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. 1645 കുറ്റവാളികളെ അറസ്‌റ്റ് ചെയ്‌തു. ഇതിൽ 36 പേർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തത്.

ഇങ്ങനെയെല്ലാമാണെങ്കിലും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സംസ്ഥാനത്തുണ്ടാകുന്നതിനും കുറവില്ല. പാലിയിലെ കൂട്ടബലാൽസംഗ കേസും, മൊറാദാബാദ്, സ‌ഹ്‌റാൻപൂ‌ർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലുണ്ടായ കലാപവും അഗ്നിപഥ് സ്‌കീമിന്റെ പേരിലെ ആക്രമണങ്ങളും സംസ്ഥാനത്തെ പൊലീസ് വകുപ്പിന് തലവേദനയായി.

എന്നാൽ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ പേരിലും നിക്ഷേപങ്ങളുടെ പേരിലും സമാജ്‌വാദി പാർട്ടിയും കോൺഗ്രസുമടക്കം യോഗി സർക്കാരിനെ നിശിതമായി വിമർശിക്കുന്നുമുണ്ട്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് യോഗിയുടെ പുതിയ സർക്കാരെന്നാണ് പ്രധാന ആരോപണം.

Advertisement
Advertisement