അലക്സ് ചാക്കോ വാഹനം പാർക്ക് ചെയ്യുന്നത് വീടിന്റെ ടെറസിൽ, വണ്ടി മുകളിൽ എത്തിക്കുന്നത് സ്വന്തമായി നിർമ്മിച്ച ലിഫ്റ്റിലൂടെ

Monday 04 July 2022 11:26 PM IST

പത്തനംതിട്ട : വീടിന്റെ ടെറസിൽ കയറിയിറങ്ങിയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കടമ്പനാട് കൊച്ചുപടിപ്പുര വീട്ടിൽ കെ.എസ്.ഇ.ബി റിട്ട. അസി.എൻജീനീയറായ അലക്സ് ജി.ചാക്കോ (75)നിർമ്മിച്ചത് രണ്ട് ലിഫ്റ്റുകൾ. ഒന്ന് വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്നത്. മറ്റൊന്ന് സൗരോർജവും വൈദ്യുതിയും ആട്ടോമാറ്റിക്കായി മാറുന്നതും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും. ഉപയോഗിക്കാനും ഉപേക്ഷിക്കാനും കഴിയാത്ത വീട്ടു സാധനങ്ങൾ അദ്ദേഹം ടെറസിന്റെ മുകളിലാക്കുന്നത് ലിഫ്റ്റിലാണ്.

ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും ചുറുചുറുക്കോടെ കണ്ടുപിടുത്തങ്ങൾക്കായി സമയം ചെലവഴിക്കുന്നയാളാണ് അലക്സ്. അഞ്ച് വർഷം മുൻപാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് നിർമ്മിച്ചത്. 120കിലോ ഭാരം വഹിക്കും. സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന റിമോർട്ട് കൺട്രോൾ ലിറ്റ് അടുത്തിടെ നിർമ്മിച്ചു. ഇത് 150 കിലോ ഭാരം വഹിക്കും.

കട്ടിലുകൾ, മേശകൾ, കസേരകൾ തുടങ്ങിയവ ലിഫ്റ്റിലാക്കി വീടിന്റെ ടെറസിലെത്തിക്കും. വേണമെങ്കിൽ ഇരുചക്ര വാഹനങ്ങളും ലിഫ്റ്റിൽ ടെറസിലെത്തിച്ച് പാർക്ക് ചെയ്യാം. അലക്സ് ചാക്കോ തന്നെയാണ് ലിഫ്റ്റുകളുടെ വൈദ്യുതി, സോളാർ കൺട്രോളറുകളും പാനലും രൂപകൽപ്പന ചെയ്തത്. പകൽ വെയിൽ കുറവായാൽ സോളാറിൽ നിന്ന് വൈദ്യുതിയിലേക്കും തിരിച്ചും ആട്ടോമാറ്റിക്കായി മാറുന്ന സംവിധാനമാണ് ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. എ.സി മോട്ടാേർ മാറ്റി 750 വാട്ട് ശേഷിയുളള ഡി.സി മോട്ടോറും 150 വാട്ട് ശേഷിയുള്ള രണ്ട് സോളാർ പാനലുകളും സ്ഥാപിച്ചു.

നാൽപ്പത് സെക്കൻഡിൽ ഏഴരമീറ്റർ ഉയരത്തിലെത്തും. കുലുക്കവും ആട്ടവും ഇല്ലാത്ത കാർഗോ ലിഫ്റ്റിലൂടെ സാധനങ്ങൾ സുരക്ഷിതമായി മുകളിലെത്തിക്കാം. ജി.ഐ പൈപ്പുകൾ, ഷീറ്റുകൾ, ഇരുമ്പ് റോപ്പുകൾ, കപ്പികൾ, ഭാരം വഹിക്കുന്ന കാർഗോ കാർ, അനുയോജ്യമായ കൗണ്ടർ വെയ്റ്റ് എന്നിവയാണ് ലിഫ്റ്റ് നിർമ്മാണത്തിന് ഉപയോഗിച്ചത്. പൈപ്പുകൾ വെൽഡ് ചെയ്യാൻ മാത്രം ഒരാളുടെ സഹായംതേടി. മറ്റെല്ലാ പണികളും അലക്സ് ചാക്കോ ചെയ്തു. സാധാരണ ലിഫ്റ്റുകളുടെ നിർമ്മാണ രീതിയും പ്രവർത്തനവുമാണ് അലക്സിന്റെ ലിഫ്റ്റിനുമുള്ളത്. മഴയും വെയിലുമേറ്റാൽ കേടുവരാത്ത ഘടകങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.