ബൈക്ക് മോഷ്ടിച്ചാൽ നേരെ എത്തുന്നത് ആക്രിക്കടയിൽ, ചുടല മുത്തു പിടിയിലായതോടെ പൊലീസിന്റെ വലയിൽ വീണ് പൊളിച്ചടുക്കൽ സംഘം
Tuesday 05 July 2022 9:16 AM IST
കൊല്ലം: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിലെത്തിച്ച് പൊളിച്ചു വിൽക്കുന്ന സ്ഥിരം മോഷ്ടാക്കളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കൊറ്റംകര മാമ്പുഴ ചേരിയിൽ പഴഞ്ഞിമേലതിൽ വീട്ടിൽ കൈലാസ് (22), തൃക്കോവിൽവട്ടം ചെറിയേല മഠത്തിവിള വീട്ടിൽ അഭിഷേക് (20) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 27ന് രാവിലെ കൊല്ലം റെയിൽവേ സ്‌റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. റെയിൽവേ സ്‌റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കൂട്ടാളിയായ ചുടല മുത്തു പിടിയിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അന്വേഷണം ഇവരിലേക്കെത്തിയത്. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ ആർ. രതീഷ്, എസ്.ഐമാരായ വൈ.അഷറഫ്, ജെയിംസ്, സി.പി.ഒ സുനിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.