സത്യജിത് റേയുടെ ജന്മശതാബ്‌ദ്ധി; രണ്ടു മാസത്തെ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

Tuesday 05 July 2022 9:53 AM IST

ലണ്ടൻ: സത്യജിത് റേയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ചു റേയുടെ ഡോക്യുമെന്ററികൾ ഉൾപ്പടെ എല്ലാ ചിത്രങ്ങളും ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ ലണ്ടനിൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. "റേയുടെ ചിത്രങ്ങൾ കണ്ടിട്ടില്ല എന്നതിനർത്ഥം സൂര്യനെയും ചന്ദ്രനെയും കാണാതെ നിലനിന്നു എന്നത് പോലെയാണ്" എന്ന വിശ്വപ്രസിദ്ധ സംവിധായകൻ അകിരാ കുറസോവയുടെ ഉദ്ധരണിയാണ് ഓരോ ചിത്രങ്ങളുടെ ടൈറ്റിൽ റോളിന് മുന്നിലും എല്ലാ മാദ്ധ്യമങ്ങളിലും ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആഘോഷപൂർവം കൊടുക്കുന്നത്. "ജനങ്ങളെ എല്ലാക്കാലത്തും ഏറ്റവുമധികം സ്വാധീനിച്ച സംവിധായകരിൽ ഒരാൾ", "സിനിമാ രംഗത്തെ മഹാരഥന്മാരിൽ ഒരാൾ". അങ്ങനെ റേയെക്കുറിച്ചുള്ള ലോകപ്രസിദ്ധരുടെ വിശേഷണങ്ങൾ കൊണ്ട് പുഷ്പഹാരമണിയിക്കുകയാണ് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. റിലീസ് ചെയ്തയുടൻ തന്നെ 1955ൽ 'പഥേർ പാഞ്ചാലി' ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു. 67 വർഷങ്ങൾക്കുശേഷം, അനവധി വർഷങ്ങളിലെ തുടർച്ചയായ പ്രദർശനങ്ങൾക്കും റേ തന്നെ നേരിട്ട് പങ്കെടുത്ത നിരവധി ചർച്ചകൾക്കും ശേഷം ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് "പഥേർ പഞ്ചാലി" വീണ്ടും ലണ്ടൻ സൗത്ത് ബാങ്കിലെ നാഷണൽ ഫിലിം തീയേറ്ററിൽ പ്രദർശിപ്പിച്ചു- തൊണ്ണൂറു ശതമാനവും ഇംഗ്ലീഷുകാരായ കാണികൾക്ക് മുന്നിൽ.