അമേരിക്കയിലല്ല ഇവിടെ തൃക്കാക്കരയിൽ, സർക്കാർ ഓഫീസിൽ നിറതോക്കുമായെത്തി 84കാരൻ, ഭയന്ന് വിറച്ച് ഉദ്യോഗസ്ഥർ

Tuesday 05 July 2022 9:56 AM IST

തൃക്കാക്കര: കളക്ടറേറ്റിൽ നിറതോക്കുമായെത്തിയ മൂവാറ്റുപുഴ സ്വദേശി റിട്ട. തഹസിൽദാർ ഗോപാലകൃഷ്ണൻ നായരെ (84) തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. തോക്ക് ലൈസൻസ് പുതുക്കാനെത്തിയതാണ് ഇയാൾ. 0.22 റിവോൾവറിൽ എട്ട് ബുള്ളറ്റുകളും ലോഡ് ചെയ്തിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.

ട്രഷറിയിൽ എത്തി തോക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസടച്ചശേഷം രസീതും പഴയ ലൈസൻസും മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള രേഖകൾ ഉൾപ്പെടെ കളക്ടറേറ്റിലെ തപാൽ വിഭാഗത്തിൽ കൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ബാഗിൽനിന്ന് രേഖകൾക്കൊപ്പം തോക്കും പുറത്തെടുത്ത് ചൂണ്ടിപ്പിടിച്ചതോടെ ജീവനക്കാർ ഭയന്നു.

കളക്ടറേറ്റ് ജീവനക്കാരെ കുറച്ചുസമയം ഇയാൾ മുൾമുനയിലാക്കി. ഉദ്യോഗസ്ഥരിൽ ചിലർ ഇത് ഫോട്ടോയെടുത്ത് എ.ഡിഎമ്മിന് അയച്ചുകൊടുത്തു. ഉടനെ പൊലീസും സ്ഥലത്തെത്തി. ജീവനക്കാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ഇദ്ദേഹത്തിന് തോക്ക് ലൈസൻസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത് വൈകുന്നേരത്തോടെ ഗോപാലകൃഷ്ണൻ നായരെ ബന്ധുവിനെവരുത്തി കൂടെ വിട്ടയച്ചു. മൂവാറ്റുപുഴ പറമ്പാത്തുവീട്ടിൽ ഒറ്റയ്ക്കാണ് താമസം. അവിവാഹിതനാണ്.