ശ്വസിക്കുമ്പോൾ പോലും ദുർഗന്ധമുണ്ടായി, ഭർത്താവിനെ പേടിച്ച് ഗർഭസ്ഥ ശിശുമരിച്ച വിവരം ആരോടും പറഞ്ഞില്ല; അനിത നേരിട്ടത് കൊടിയ പീഡനമെന്ന് ബന്ധുക്കൾ

Tuesday 05 July 2022 10:33 AM IST

കോഴഞ്ചേരി: ഗർഭിണിയായിരിക്കെ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയാണ് മരിച്ചത്. ഭർത്താവ് ജ്യോതിഷ് യുവതിയെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. രണ്ട് മുറി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മർദിക്കുന്നത് ആരും അറിയാതിരിക്കാൻ അനിതയുടെ വായിൽ ഇയാൾ തുണി തിരുകുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.

അനിതയുടേതും ജ്യോതിഷിന്റേതും പ്രണയ വിവാഹമായിരുന്നു. 35 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വിവാഹസമയത്ത് അനിതയുടെ വീട്ടുകാർ ജ്യോതിഷിന് നൽകിയിരുന്നു. തുടക്കത്തിൽ ഈ കാറിൽ യുവാവ് ഓട്ടം പോയിരുന്നു. പിന്നീട് ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 80,000 രൂപയ്ക്ക് കാർ പണയംവച്ചു. പണമടക്കാതായതോടെ കാർ സ്ഥാപനം പിടിച്ചെടുത്തു.

അതിനുശേഷം ഇയാൾ ജോലിക്കൊന്നും പോയിരുന്നില്ല. തങ്ങളുടെ ചെലവിലാണ് ജ്യോതിഷ് കഴിഞ്ഞിരുന്നതെന്നും അനിതയുടെ ബന്ധുക്കൾ പറഞ്ഞു. ഗർഭസ്ഥ ശിശു മരിച്ച വിവരം പുറത്തറിയിക്കാതിരിക്കാൻ ജ്യോതിഷ് അനിതയെ ഭീഷണിപ്പെടുത്തി.

ശ്വസിക്കുമ്പോൾ പോലും ദുര്‍ഗന്ധം ഉണ്ടാകുന്ന അവസ്ഥയായി, വേദനകൊണ്ട് പുളഞ്ഞിട്ടും ഭർത്താവിനെ പേടിച്ച് അനിത ഒരക്ഷരം മിണ്ടിയില്ല. ആരോഗ്യസ്ഥിതി മോശമായതോടെ അമ്മയും സഹോദരനും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആദ്യശസ്ത്രക്രിയയിൽ ഗർഭസ്ഥ ശിശുവിനെയും, രണ്ടാമത് നടത്തിയ ശസ്ത്രക്രിയയിൽ അനിതയുടെ ഗർഭപാത്രവും നീക്കം ചെയ്‌തെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയിൽ ഗർഭസ്ഥശിശുവിന്റെ കാൽപ്പാദം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ എന്ന് ഡോക്ടർ പറഞ്ഞതായി അനിതയുടെ മാതാവ് വ്യക്തമാക്കി.