സിഗരറ്റ് വലിക്കുന്ന കാളി; വിവാദം, ഡോക്യുമെന്ററി നിർമാതാക്കൾക്കെതിരെ എഫ് ഐ ആർ

Tuesday 05 July 2022 10:59 AM IST

ന്യൂഡൽഹി: കാളി ഡോക്യുമെന്ററി നിർമാതാക്കൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസും ഉത്തർപ്രദേശ് പൊലീസും. ഹിന്ദു ദൈവം സിഗരറ്റ് വലിക്കുന്നതായുള്ള പോസ്റ്ററിന്റെ പേരിൽ പരാതിയുയർന്നതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, സമാധാന ലംഘനത്തിന് ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സിനിമാ നിർമാതാവായ ലീന മണിമേഖല താൻ സംവിധാനം ചെയ്ത കാളി എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മധുരയിൽ ജനിച്ച ലീന കാനഡയിലെ ടൊറൻടോയിലാണ് താമസം. കാളീദേവിയുടെ രൂപത്തിലുള്ള സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ത്രിശൂലം, അരിവാൾ, എന്നിവയോടൊപ്പം എൽജിബിറ്റിക്യു സമൂഹത്തിന്റെ പതാകയും ചിത്രത്തിൽ വ്യക്തമാണ്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ടൊറന്റോയിലെ അഖാ ഖാൻ മ്യൂസിയം അവതരിപ്പിക്കുന്ന 'റിഥംസ് ഓഫ് കാനഡ' എന്ന പരമ്പരയുടെ ഭാഗമായുള്ള ഡോക്യുമെന്ററിയാണ് കാളി.

വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ചിത്രത്തിലെ പ്രകോപനപരമായ എല്ലാ ഭാഗങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷൻ പ്രസ്താവന പുറത്തിറക്കുകയും ഇത് സംബന്ധിച്ച് കാനഡയിലെ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. ഹിന്ദു ദൈവങ്ങളെ അനാദരിക്കുന്ന രീതിയിലുള്ളതാണ് പോസ്റ്ററെന്ന് കാനഡയിലെ മതനേതാക്കൾ പരാതിപ്പെട്ടതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement