ഞാൻ തകർന്നുപോയി... ഒരേ ദിവസം പതിനൊന്നും ഏഴും വയസുള്ള മക്കളെ നഷ്ടമായ വേദന പങ്കുവച്ച് മഹാരാഷ്ട്ര മുഖ്യൻ

Tuesday 05 July 2022 12:32 PM IST

മുംബയ് : കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി പദം അരക്കിട്ട് ഉറപ്പിച്ച ഏകനാഥ് ഷിൻഡെയുടെ അസംബ്ലിയിലെ പ്രസംഗം ഏറെ ചർച്ചയായി. തന്റെ ജീവിതത്തിൽ ഏറ്റ തിരിച്ചടികളും, വിഷമതകളും അതിൽ നിന്നും എങ്ങനെയാണ് കരകയറിയത് എന്നുമാണ് ഷിൻഡെ വിവരിച്ചത്. രണ്ട് മക്കളെ ഒരു ദിവസം വിധി തന്നിൽ നിന്നും കവർന്നതാണ് ഷിൻഡെയുടെ ജീവിതം മാറ്റിമറിച്ചത്.

2000ലാണ് ഏകനാഥ് ഷിൻഡെയുടെ മക്കൾ അപകടത്തിൽ പെട്ട് മരണപ്പെട്ടത്. മകൻ ദിപേഷ് (11 വയസ്), മകൾ ശുഭദ (7 വയസ്) എന്നിവരാണ് ചെറു പ്രായത്തിൽ മരണപ്പെട്ടത്. തടാകത്തിൽ ബോട്ടിംഗിന് പോയ പതിനൊന്നും ഏഴും വയസുള്ള മക്കൾ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് മുങ്ങിമരിച്ചത്. മക്കൾ മരണപ്പെടുമ്പോൾ കോർപ്പറേഷൻ മെമ്പറായിരുന്നു ഷിൻഡേ. മാസങ്ങളോളം വിഷാദാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് തിരികെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. പിന്നീട് 2004ൽ ഷിൻഡെ ആദ്യമായി എംഎൽഎയായി മാറി. അസംബ്ളിയിൽ നടത്തിയ പ്രസംഗത്തിലും തന്നെ വിഷാദത്തിൽ നിന്നും കരകയറാൻ സഹായിച്ച ശിവസേന നേതാവ് ആനന്ദ് ദിഗനെ അദ്ദേഹം നന്ദിയോടെ ഓർത്തു.

ഇന്നലെ മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ 164 പേരുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. വിശ്വാസ പ്രമേയത്തെ എതിർത്ത് 99 പേർ വോട്ട് ചെയ്തു. ഉദ്ധവ് പക്ഷത്തെ ഞെട്ടിച്ച് സന്തോഷ് ബംഗാർ എം.എൽ.എ രാവിലെ ഏക്നാഥ് ഷിൻഡെയ്‌ക്കൊപ്പം ചേർന്നതും ഏറെ ചർച്ചയായി.