പാചകം ഇനി എന്തെളുപ്പം; ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചോറും കറിയും സിംപിളായി റെഡിയാക്കാം

Tuesday 05 July 2022 3:14 PM IST

പാചകമെന്ന് കേൾക്കുന്നത് തന്നെ പലർക്കും തലവേദനയാണ് . ജോലിയുള്ള സ്ത്രീകളെ സംബന്ധിച്ച് ആ ബുദ്ധിമുട്ട് ഇരട്ടിയാണ്. മക്കൾക്ക് സ്കൂളിലും ജോലിയുള്ളവർക്ക് ഓഫീസിലേക്കും കൊണ്ടുപോകേണ്ട ചോറും കറിയും ഒരുക്കണം. വിരുന്നുകാരെത്തിയാൽ അവരെ സൽക്കരിക്കരണം. ഇതൊക്കെ എല്ലാ വീട്ടിലെയും സ്ഥിരം കാഴ്ചകളായിരിക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും അടുക്കളപ്പണി എളുപ്പമാക്കാവുന്നതേയുള്ളൂ.

  • പാചകം ചെയ്യാൻ തുടങ്ങുന്നതിന് മുന്നേ വേണ്ട സാധനങ്ങളെല്ലാമെടുത്ത് അരികിൽ തന്നെ വയ്‌ക്കുക. കൈയെത്തുന്ന സ്ഥലങ്ങളിൽ തന്നെ ആവശ്യമുള്ള സാധനങ്ങളും വച്ചിട്ടുണ്ടെങ്കിൽ പാചകവും ഈസിയാകും സമയവും ലാഭിക്കാം.

  • വിരുന്നുകാർ വരുന്നുണ്ടെങ്കിൽ മുൻകൂട്ടി തന്നെ വിഭവങ്ങൾ പ്ലാൻ ചെയ്യുക. തലേദിവസമുണ്ടാക്കി വയ്ക്കാൻ കഴിയുന്നവ പാതിവേവിൽ ഉണ്ടാക്കി മാറ്റി വയ്ക്കാവുന്നതാണ്. പിറ്റേ ദിവസം ഒന്നുകൂടി വേവിച്ചെടുക്കാം. പ്രഭാതഭക്ഷണത്തിനുള്ള ദോശമാവ്,​ ഇഡ്‌ലി മാവ്,​ അപ്പത്തിന്റെ മാവ് ഒക്കെ രണ്ടു മൂന്നൂ ദിവസത്തേക്കുള്ളത് ഒന്നിച്ച് തയ്യാറാക്കി പല പല പാത്രങ്ങളിലാക്കി അടച്ചു സൂക്ഷിക്കാം.

  • രസം, മോരുകറി, അച്ചാറുകൾ എന്നിവ കൂടുതൽ ദിവസം കേടുകൂടാതെയിരിക്കുന്നതുകൊണ്ട് അവ കുറച്ചധികം ഉണ്ടാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്. പച്ചക്കറികളൊക്കെ തലേ ദിവസം തന്നെ നന്നായി കഴുകി അരിഞ്ഞ് മാറ്റി വയ്‌ക്കാം. പിറ്റേ ദിവസം രാവിലത്തെ പാചകം അതെളുപ്പമാക്കും.

  • മീൻ വാങ്ങി വൃത്തിയാക്കിയ ശേഷം മസാല പുരട്ടി ഫ്രീസറിൽ വയ്ക്കാം. പാചകം ചെയ്യുന്നതിന് കുറച്ച് സമയം മുന്നേയെടുത്ത് വറുത്തെടുത്താൽ മതി. തേങ്ങ ചിരകിയതും വെളുത്തുള്ളി, ഉള്ളി എന്നിവ പൊളിച്ചതുമൊക്കെ പ്രത്യേകം പ്രത്യേകം പാത്രങ്ങളിലടച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്.

  • ഒരുപാട് പാത്രങ്ങൾ അടുക്കളയിൽ നിരത്തി വയ്‌ക്കാതെ ആവശ്യത്തിനുള്ള പാത്രങ്ങളിൽ മാത്രം പാചകം ചെയ്യാം. ഒരു വിഭവം ഉണ്ടാക്കി കഴിഞ്ഞാൽ ആ പാത്രം തന്നെ വൃത്തിയാക്കി അടുത്ത വിഭവം ഉണ്ടാക്കാം. ഒന്നിച്ചുള്ള പാത്രം കഴുകലിൽ നിന്നും രക്ഷപ്പെടാൻ ആ വിദ്യ സഹായിക്കും.
Advertisement
Advertisement