ഇമ്രാന്റെ പാർട്ടി യു.എസിനോട് മാപ്പ് ചോദിച്ചുവെന്ന് പാക് മന്ത്രി

Tuesday 05 July 2022 10:00 PM IST

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായിരിക്കെ തന്റെ സർക്കാരിനെ താഴെയിറക്കാൻ അമേരിക്ക ഗൂഢാലോചന നടത്തിയെന്ന ഇമ്രാൻഖാന്റെ ആരോപണത്തിൽ അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രിക് ഇൻസാഫ് അമേരിക്കയോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ട്.

ഷെഹ്ബാസ് ഷെരീഫ് സർക്കാരിലെ മുതിർന്ന മന്ത്രി ഖ്വാജാ ആസിഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാൻ പ്രാദേശിക വാർത്താ പരിപാടിയായ 'നയാ പാകിസ്ഥാനിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിൽ യു.എസ് നയതന്ത്രജ്ഞനായ ഡൊണാൾഡ് ല്യുവിനോട് മാപ്പ് പറഞ്ഞുവെന്നാണ് ഖ്വാജാ ആസിഫ് വ്യക്തമാക്കിയത്. ബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വാഷിങ്ടൺ ഡിസിയിലേക്ക് ഇമ്രാൻ ഖാൻ സന്ദേശം അയച്ചുവെന്നും ഇതിന്റെ രേഖകളെല്ലാം തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയ്ക്കെതിരായ ഇമ്രാന്റെ ആരോപണങ്ങൾ പാക്- അമേരിക്ക നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തിയിരുന്നു.