അമൃതസ്മൃതി - പിംഗലി വെങ്കയ്യ ( 1876 - 1963)

Wednesday 06 July 2022 12:00 AM IST

ഇന്ത്യൻ ദേശീയ പതാകയുടെ ആദ്യരൂപം തയ്യാറാക്കിയ ഗാന്ധിശിഷ്യൻ. 1921- ൽ അദ്ദേഹം രൂപകല്പന ചെയ്ത്,​ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ച സ്വരാജ് പതാകയുടെ പരിഷ്കൃത രൂപമാണ് 1947 ജൂലായിൽ ദേശീയ പതാകയായി അംഗീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അർഹമായ സ്ഥാനം ലഭിക്കാതെ പോയ ദേശാഭിമാനി.

1876 ഓഗസ്റ്റ് രണ്ടിന് ആന്ധ്രയിലെ മച്ചിലിപട്ടണത്ത് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനനം. ദക്ഷിണാഫ്രിക്കയിൽ ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിക്കുന്ന കാലത്ത് മഹാത്മാ ഗാന്ധിയുമായി പരിചയപ്പെട്ടു. ദേശീയബോധം ഉണർത്താൻ ഇന്ത്യൻ പതാകയ്ക്ക് രൂപം നല്കേണ്ടതിന്റെ ആവശ്യകത ഗാന്ധിജിയോടു പറഞ്ഞത് പിംഗലി വെങ്കയ്യയാണ്. ഗാന്ധിയുടെ അനുമതിയോടെ കുങ്കുമ,​ ഹരിത വർണങ്ങൾ ചേർന്ന പതാകയ്ക്ക് അദ്ദേഹം രൂപം നല്കി. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ഇതിൽ വെളുപ്പും മദ്ധ്യഭാഗത്ത് ചർക്കയുടെ രൂപവും ചേർത്ത് 1931- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അത് സംഘടനാ പതാകയായി സ്വീകരിച്ചു.

1931 -ൽ രൂപീകരിക്കപ്പെട്ട ഫ്ളാഗ് കമ്മിറ്റിയാണ് ഇന്ത്യയുടെ ഔദ്യോഗിക ദേശീയ പതാകയുടെ രൂപം നിശ്ചയിച്ചത്. 1947 ജൂലായ് 22 ന് ഭരണഘടനാ അസംബ്ളി ഇതിന് അനുമതി നല്കിയെങ്കിലും,​ ചർക്കയ്ക്കു പകരം മദ്ധ്യഭാഗത്ത് അശോകചക്രം നിശ്ചയിച്ച് അംഗീകരിക്കപ്പെട്ടത് സ്വാതന്ത്ര്യാനന്തരം.1963 ജൂലായ് നാലിന് മരണം. 2014- ൽ ആന്ധ്ര സർക്കാർ വെങ്കയ്യയുടെ പേര് ഭാരതരത്ന ബഹുമതിക്ക് ശുപാർശ ചെയ്തെങ്കിലും അന്തിമ തീരുമാനമായില്ല.

Advertisement
Advertisement