'ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനുളള നിർദ്ദേശം എന്റേത്' നിർണായക വെളിപ്പെടുത്തലുമായി ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിയായത് മുതിർന്ന നേതാക്കളുടെ ആവശ്യപ്രകാരം
മുംബയ്: ഉദ്ദവ് താക്കറെ സർക്കാരിനെ പുറത്താക്കി ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി തീരുമാനിച്ചപ്പോൾ മഹാരാഷ്‌ട്രാ രാഷ്‌ട്രീയം പിന്തുടർന്നവരെല്ലാം ഒന്ന് അമ്പരന്നിരുന്നു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ശിവസേന വിമതനേതാവായ ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി. അന്നത്തെ ഊഹാപോഹങ്ങളെക്കുറിച്ച് ഇപ്പോഴിതാ വ്യക്തമാക്കിയിരിക്കുകയാണ് ഫഡ്‌നാവിസ്. തന്റെ നിർദ്ദേശമായിരുന്നു ഷിൻഡെ മുഖ്യമന്ത്രിയാകണം എന്നാണ് ഫഡ്നാവിസ് അറിയിച്ചത്.
'എനിക്ക് മുഖ്യമന്ത്രിയാകണമെങ്കിൽ ആകാമായിരുന്നു. പ്രത്യയ ശാസ്ത്രത്തിന് വേണ്ടിയാണ് ഷിൻഡെയെ ഞങ്ങൾ മുഖ്യമന്ത്രിയാക്കിയത്. അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന നിർദ്ദേശം എന്റേതായിരുന്നു.' ഫഡ്‌നാവിസ് വെളിപ്പെടുത്തി. മാത്രമല്ല താനും ഉപമുഖ്യമന്ത്രിയാകണമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ നിർദ്ദേശിച്ചെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ ഒരു രാഷ്‌ട്രീയ നേതാവ് മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയത്തെ മലീമസമാക്കിയെന്നും ഉദ്ദവ് താക്കറെയുടെ പേര് പറയാതെ ഫഡ്‌നാവിസ് വ്യക്തമാക്കി. പാർട്ടി തീരുമാനത്തിൽ ഫഡ്‌നാവിസ് തൃപ്‌തനല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടക്കം പറഞ്ഞിരുന്നു. ഇതോടെയാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്.