കാളി ദേവിയെക്കുറിച്ച് വിവാദ പരാമർശം നടത്തി ബംഗാളിലെ ലോക്‌സഭാംഗം; അഭിപ്രായം തള‌ളി തൃണമൂൽ കോൺഗ്രസ്

Wednesday 06 July 2022 12:00 AM IST

കൊൽക്കത്ത: ഹൈന്ദവ ദേവതയായ കാളിയെക്കുറിച്ച് വിവാഗ പരാമർശം നടത്തി തൃണമൂൽ കോൺഗ്രസ് നേതാവും ലോക്‌സഭാംഗവുമായ മഹുവ മൊയ്‌ത്ര. എന്നാൽ മഹുവയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് പ്രസ്‌താവനയെ അപലപിച്ചു. ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് മഹുവ ഭദ്രകാളി ദേവിയെക്കുറിച്ച് മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവത' എന്ന് അഭിപ്രായപ്പെട്ടത്. ദൈവത്തെ സങ്കൽപ്പിക്കാനുള‌ള സ്വാതന്ത്ര്യമുണ്ടെന്നും ചിലയിടത്ത് ദൈവത്തിന് മദ്യം വഴിപാടായി നൽകുമ്പോൾ മറ്റ് ചിലയിടത്ത് അത് നിഷിദ്ധമാണെന്നും മഹുവ പ്രസംഗിച്ചിരുന്നു.

ഇതിനെത്തുടർന്ന് ട്വി‌റ്ററിലൂടെ തൃണമൂൽ കോൺഗ്രസ് അവരുടെ നിലപാട് വ്യക്തമാക്കി. 'കാളിദേവിയെക്കുറിച്ചുള‌ള മഹുവയുടെ അഭിപ്രായങ്ങളും കാഴ്‌ചപ്പാടും വ്യക്തിപരമാണ്. അത് ഒരുതരത്തിലും പാർട്ടി അംഗീകരിക്കുന്നില്ല.' പാർട്ടി ട്വിറ്ററിലൂടെ അറിയിക്കുന്നു. സിക്കിമിൽ കാളി ദേവിയ്‌ക്ക് വിസ്‌ക്കി പ്രസാദമായി നൽകാറുണ്ടെന്നും എന്നാൽ യു.പിയിൽ അങ്ങനെ ചെയ്‌താൽ ദൈവദോഷമാകുമെന്നും മഹുവ പ്രസംഗിച്ചിരുന്നു.

മഹുവയ്‌ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയോട് ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. നൂപുർ ശർമ്മയ്‌ക്കെതിരെ ബിജെപി ഉടൻ നടപടിയെടുത്തത് മാതൃകയാക്കി ശിക്ഷാ നടപടി വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.