ഇന്ധനച്ചോർച്ച: ഡൽഹി- ദുബായ് സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലിറക്കി

Wednesday 06 July 2022 2:49 AM IST

ന്യൂഡൽഹി: ഇന്ധനചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് ബി 737വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. എമർജൻസി ലാൻഡിംഗായിരുന്നില്ല, പകരം സാധാരണ ലാൻഡിംഗാണ് നടന്നതെന്ന് സ്പൈസ് ജെറ്റ് കേന്ദ്രങ്ങൾ പറഞ്ഞു.

വിമാനം പറക്കുന്നതിനിടെ ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്നാണ് കറാച്ചിയിൽ ഇറക്കേയി വന്നതെന്ന് അധികൃതർ വ്യക്തമാക്കി. പറക്കുന്നതിനിടെ വിമാനത്തിന്റെ ഇടത് ടാങ്കിൽ അസാധാരണമായ രീതിയിൽ ഇന്ധനം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതായി വിമാന ജീവനക്കാർ വെളിപ്പെടുത്തി. എന്നാൽ, പരിശോധനയിൽ ഇന്ധനച്ചോർച്ച കണ്ടെത്താനായിട്ടില്ല. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയതായും അവർക്ക് ലഘുഭക്ഷണം നൽകിയതായും വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. കറാച്ചിയിലേക്ക് പകരം വിമാനം അയച്ച് യാത്രക്കാരെ ദുബായിലിറക്കി. സംഭവത്തിൽ അന്വേഷണം നടത്താൻ സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.

തുടരെ പ്രശ്നങ്ങൾ

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വിമാനയാത്രക്കാരിൽ പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്. ജൂലായ് 2ന് ഡൽഹി - ജബൽപൂർ വിമാനം 5000 അടി പിന്നിട്ടപ്പോൾ കാബിനിൽ പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി. ജൂൺ 19ന് പാട്ന - ഡൽഹി സ്പൈസ് ജെറ്റ് വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നു. അന്നേ ദിവസം തന്നെ ഡൽഹി - ജബൽപൂർ വിമാനം ഉയരത്തിന് അനുസൃതമായി കാബിൻ മർദ്ദം വർദ്ധിക്കാത്തതിനെ തുടർന്ന് ഡൽഹിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മേയ് 4 ന് ചെന്നൈയിൽ നിന്ന് ദുർഗാപൂരിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം ഓയിൽ ഫിൽട്ടർ മുന്നറിയിപ്പിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി.

Advertisement
Advertisement