യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
Wednesday 06 July 2022 7:14 AM IST
ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരാതിക്കാരിയുടെയും കേരള പൊലീസിന്റെയും ഹർജികൾ പരിഗണിക്കുന്നത്.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് പൊലീസിന്റെ ആവശ്യം. പരാതി പിൻവലിക്കാൻ വിജയ് ബാബു സമ്മർദ്ദം തുടരുകയാണെന്നും മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നുമാണ് പരാതിക്കാരിയായ നടിയുടെ ഹർജിയിൽ പറയുന്നത്.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് ഹൈക്കോടതി വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സോഷ്യൽ മീഡിയയിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.