കോളേജിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചു; മലപ്പുറത്ത് എസ് എഫ് ഐ, കെ എസ് യു നേതാക്കൾ അറസ്റ്റിൽ

Wednesday 06 July 2022 3:50 PM IST

മലപ്പുറം: മലപ്പുറം ഗവ. കോളേജിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷണം പോയ കേസിൽ എസ് എഫ് ഐ , കെ എസ് യു നേതാക്കൾ അറസ്റ്റിൽ. മൂന്ന് ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 11 ബാറ്ററികളും 2 പ്രൊജക്ടറുകളുമാണ് മോഷണം പോയത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി വിക്ടർ ജോൺസൺ,​ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആതിഫ് തുടങ്ങി ഏഴു പേരാണ് പിടിയിലായത്.

മോഷണം നടന്ന കാര്യം തിങ്കളാഴ്ചയാണ് കോളേജ് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. ഒരു ലക്ഷം രൂപയുടെ ഇലക്ട്രിക് ഉപകരണങ്ങളാണ് കാണാതായത്. കെമിസ്ട്രി,​ ഉറുദു,​ ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്ടുമെന്റുകളിലാണ് മോഷണം നടന്നത്. മോഷണം പോയ ബാറ്ററികളിൽ ആറെണ്ണം പ്രവർത്തിക്കുന്നവയും അഞ്ചെണ്ണം ഉപയോഗശൂന്യവുമാണ്.

മലപ്പുറം പൊലീസ് സ്റ്റേഷനിൽ കോളേജ് പ്രിൻസിപ്പലാണ് പരാതി നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിന് പിന്നാലെ നാല് എസ് എഫ് ഐക്കാരെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തു.