മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞു; രാജി ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ

Wednesday 06 July 2022 6:01 PM IST

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിജെപിയുടെ മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. നഖ്‌വിയുടെ രാജ്യസഭാ കാലാവധി നാളെ അവസാനിക്കുകയാണ്. അടുത്ത ടേമിലേയ്ക്ക് ബിജെപി നഖ്‌വിയെ നാമകരണം ചെയ്തിട്ടുമില്ല.അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ ഉണ്ടായിരുന്ന, ഇപ്പോൾ മോദി സർക്കാരിൽ ഉള്ള ആകെ രണ്ട് കേന്ദ്രമന്ത്രിമാർ നഖ്‌വിയും രാജ്‌നാഥ് സിംഗുമാണ്.

ഇന്ന് രാവിലെ നഖ്‌വി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയെയും സന്ദർശിച്ചിരുന്നു. നിലവിലെ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിന് അവസാനിക്കും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കായി നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് 19 ആണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌ത്തുള്ള, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖർ.