എ ജിയുടെ നിയമോപദേശം തേടി മുഖ്യമന്ത്രി,​ സിപിഎം കേന്ദ്രനേതൃത്വവും കൈവിട്ടു,​ സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ചത്

Wednesday 06 July 2022 6:58 PM IST

ന്യൂഡൽഹി : ഭരണഘടനാ വിവാദങ്ങൾക്ക് പിന്നാലെ തന്റെ പ്രസംഗത്തെ നാക്കുപിഴയിൽ ഒതുക്കി നിറുത്താമെന്ന സജി ചെറിയാന്റെ മോഹങ്ങൾക്ക് തടയിട്ടത് സി.പി.എം കേന്ദ്രനേതൃത്വം. വിഷയം ദേശീയതലത്തിൽ വരെ ചർച്ചയാകുന്നതിൽ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.സജി ചെറിയാന്റെ പരാമർശങ്ങളിൽ കടുത്ത നടപടി വേണമെന്ന് നേതൃത്വം കർശന നിലപാട് എടുത്തതോടെ സംസ്ഥാന നേതൃത്വവും അദ്ദേഹത്തെ കൈവിട്ടു. കേന്ദ്രനേതൃത്വം നിലപാട് അറിയിച്ചതോടെയാണ് സി.പി.എം മന്ത്രിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.

ദേശീയ തലത്തൽ ഭരണഘടനാ സംരക്ഷിക്കണമെന്ന് സി.പി.എം ആഹ്വാനം ചെയ്യുമ്പോൾ സംസ്ഥാനത്തെ മന്ത്രിയിൽ നിന്ന് തന്നെ ഭരണഘടനയ്ക്കെതിരായ പരാമർശം ഉണ്ടായത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കേന്ദ്രസർര്രാർ ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നു എന്നാണ് ദേശീയതലത്തിൽ സി.പി.എം പ്രചാരണം. സി.പി.എം അവെയ്‌ലബിൾ പി.ബിയും സജി ചെറിയാന്റെ പ്രസ്താവന അനാവശ്യം എന്നാണ് വിലയിരുത്തിയത്.

നാവുപിഴയെന്ന് ന്യായീകരണം പറഞ്ഞ് ഒഴിയുന്നത് ദേശീയതലത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ രാജിയിൽ കുറഞ്ഞുള്ളതൊന്നും നേതൃത്വത്തിന് സ്വീകാര്യമായിരുന്നില്ല എന്നുവേണം കരുതാൻ. കോടതികളിൽ ഇക്കാര്യം പ്രതിരോധിക്കാനാകുമോ എന്ന സംശയവും നേതാക്കൾ ഉയർത്തുന്നു.

Advertisement
Advertisement