എംഎൽഎയായിരിക്കുമ്പോഴും മന്ത്രിസ്ഥാനത്തും തുടർച്ചയായി വിവാദ പ്രസ്‌താവനകൾ, ഒടുവിൽ രാജി; സജി ചെറിയാനെ ഇത്തവണ സഹായിക്കാൻ കഴിയാതെ പാർട്ടിയും സർക്കാരും

Wednesday 06 July 2022 7:17 PM IST

ഭരണഘടനാ വിവാദപ്രസംഗത്തിൽ സ്വന്തം മുന്നണിയിൽ നിന്നുപോലും എതിർപ്പ് വന്നതോടെ മന്ത്രിസ്ഥാനത്ത് നിന്നും സജി ചെറിയാന് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. മന്ത്രി പദവിയിലെത്തുന്നതിന് മുൻപ് എംഎൽഎയായിരിക്കെ 2018ലെ പ്രളയ കാലത്ത് മാദ്ധ്യമങ്ങളിലൂടെ തന്റെ നാട്ടിലെ പ്രളയ ദുരിതത്തിന് പരിഹാരം തേടി സജി ചെറിയാൻ നടത്തിയ അപേക്ഷ ഒന്നാം പിണറായി സർക്കാരിന് അന്ന് അൽപം തലവേദന സൃഷ്‌ടിച്ചിരുന്നു. പ്രളയം രൂക്ഷമായ ചെങ്ങന്നൂരിൽ ജനങ്ങളെ എയർലിഫ്‌റ്റ് ചെയ്‌ത് രക്ഷിക്കണം എന്ന് മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം കേണപേക്ഷിച്ചു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ 32,​093 വോട്ടുകൾക്ക്, മണ്ഡലം രൂപീകരിച്ച ശേഷമുള‌ള ഏറ്റവും മികച്ച ഭൂരിപക്ഷത്തിനാണ് സജി ചെറിയാനെ ചെങ്ങന്നൂരിലെ ജനങ്ങൾ തിരഞ്ഞെടുത്തത്. രണ്ടാം പിണറായി സർക്കാരിൽ ഫിഷറീസ്, സാംസ്‌കാരിക, സിനിമ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി.

എന്നാൽ മന്ത്രിയായിരുന്ന ഒരുവർഷക്കാലവും നിരവധി തലവേദനകളാണ് തന്റെ പ്രസംഗങ്ങൾ വഴി സജി ചെറിയാൻ സർക്കാരിന് നൽകിയത്. ദത്ത് വിവാദത്തിൽ സ്വന്തം കുഞ്ഞിന് വേണ്ടിയുള‌ള അമ്മയുടെ പോരാട്ടത്തിനെതിരെയും സ്വർണക്കടത്ത് വിഷയത്തിലും ഹേമ കമ്മിഷൻ റിപ്പോർട്ടിൽ ഡബ്ളു‌സിസിയ്‌ക്കെതിരായും സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഹോം സിനിമയ്‌ക്ക് അവാർഡ് ലഭിക്കാത്തതിനെക്കുറിച്ചും സിൽവർലൈൻ വിഷയത്തിലും അദ്ദേഹത്തെ സ്വന്തം നാവ് ചതിച്ചു. ഈ നിരയിൽ ഏറ്റവുമൊടുവിലത്തേതാണ് ഭരണഘടനയെ തള‌ളിപ്പറഞ്ഞ മല്ലപ്പള‌ളിയിലെ പാർട്ടി പരിപാടിയിലെ പ്രസംഗം.

മന്ത്രിയായ ശേഷമുള‌ള ആദ്യ വിവാദം സ്വന്തം കുഞ്ഞിന് വേണ്ടി നിയമപോരാട്ടം നടത്തിയ യുവതിയെക്കുറിച്ചുള്ള 'മൊഴി'കളായിരുന്നു. സർക്കാരിനെ നിർത്തിപ്പൊരിക്കാൻ പലർക്കും കിട്ടിയ തീക്കനലായി സജിയുടെ പരാമർശം.ചലച്ചിത്ര മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം എന്ന ഡബ്ളു‌സിസിയുടെ ആവശ്യത്തെ റിപ്പോർട്ട് പുറത്തുവിടാനാകില്ല. എന്തിനാണ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വാശി പിടിക്കുന്നത് എന്നുമായിരുന്നു സജി ചെറിയാന്റെ ചോദ്യം.

പിണറായി സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ സിൽവർ ലൈൻ പ്രശ്നത്തിൽ സിൽവർ ലൈനിന്റെ ഇരുവശവും ബഫർസോൺ ഉണ്ടാവില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഉടൻ വന്നു പാർട്ടി സെക്രട്ടറി കോടിയേരിയുടെ തിരുത്ത്, ബഫർസോൺ ഉണ്ടാവുമെന്ന്. പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി, മനുഷ്യന് തെറ്രുപറ്റാമല്ലോ എന്നെല്ലാം പറഞ്ഞ് സജിചെറിയാൻ തടി ഊരി. പക്ഷെ സജി ചെറിയാന്റെ ഈ പ്രതികരണവും വലിയ വിവാദമായി.

ഇപ്പോൾ വിവാദമായ മല്ലപ്പള‌ളി പ്രസംഗത്തിൽ ഭരണഘടനയെയും അതിന്റെ ശിൽപികളെയും മാത്രമല്ല ജുഡിഷ്യറിയെയും വെറുതേവിട്ടില്ല മല്ലപ്പള്ളിയിലെ വാക്കുകൾ ഇപ്രകാരമാണ്. 'അംബാനിക്കും അദാനിക്കും ഈ പണമെല്ലാം എവിടുന്നാണ്. പാവപ്പെട്ടവന്റെ അദ്ധ്വാനത്തിൽ നിന്ന് ലഭിക്കുന്ന മിച്ച മൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് പാവങ്ങളെ ചൂഷണം ചെയ്ത്, അവന് ശമ്പളം കൊടുക്കാതെ, അവന്റെ അദ്ധ്വാനത്തിന്റെ ഫലം. എട്ട് മണിക്കൂർ ജോലി എന്ന് പറഞ്ഞിട്ട് നമ്മുടെ നാട്ടിൽ പതിനാറും പതിനെട്ടും മണിക്കൂർ ജോലി ചെയ്യുമ്പോൾ ഇന്ത്യൻ ഭരണഘടന അവർക്ക് സംരക്ഷണം കൊടുക്കുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏതു പ്രശ്നങ്ങളുടെയും കാരണക്കാർ തൊഴിലാളി സംഘടനകളാണന്നല്ലേ ആക്ഷേപിക്കുന്നത്. ജുഡിഷ്യറി അവരുടെ കൂടുണ്ടോ. ഉടനെ കോടതി ചോദിക്കും എന്തിനാണ് തൊഴിലാളികൾ സമരം ചെയ്തതെന്ന്..'

മന്ത്രിയുടെ പ്രസംഗത്തിൽ ആദ്യം പാർട്ടി നേതൃത്വം മയത്തിലാണ് പ്രതികരിച്ചതെങ്കിലും പിന്നീട് വലിയ നിയമപ്രശ്‌നമാകുമെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തിന് ഒടുവിൽ രാജിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തതിനാൽ ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ രാജി പ്രസംഗത്തിലും തന്റെ പ്രസംഗത്തെ സജി ചെറിയാൻ തള‌ളിപ്പറഞ്ഞിട്ടില്ല.