അടിമാലി പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ച് പിടിച്ചു

Thursday 07 July 2022 3:05 AM IST

അടിമാലി: അടിമാലി പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ച് പിടിച്ചു. സി.പി.ഐ. അംഗമായിരുന്ന സനിതാ സജിയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. 22കാരിയായ സനിത ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ്. മുസ്ലീംലീഗിലെ കെ.എസ്. സിയാദാണ് വൈസ് പ്രസിഡന്റ്. ഇന്നലെ രാവിലെ 11 നായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 21 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 11 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയായി എൽ.ഡി.എഫിലെ ഷിജി ഷിബുവും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആർ. രജ്ഞിതയും മത്സരിച്ച് പരാജയപ്പെട്ടു. യു.ഡി.എഫ് മേയ് 23ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ജൂൺ ആറിന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ സി.പി.ഐ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സനിതാ സജിയും ഇടതുപാളയത്തിൽ നിന്നിരുന്ന സ്വതന്ത്ര അംഗം വി.ടി. സന്തോഷും യു.ഡി.എഫ് പാളയത്തിലേക്ക് മാറി. ഇതോടെ ഇടതു മുന്നണിക്ക് ഭരണം പോയി. അവിശ്വാസം പാസായി 21 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. എന്നാൽ ആ ചട്ടം അടിമാലിയിൽ ലംഘിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ അയച്ച ഉത്തരവ് യഥാസമയം വരണാധികാരിയായ ദേവികുളം എൽ.എ. തഹസിൽദാർക്ക് ലഭിച്ചില്ലെന്ന് അറിയിച്ചതിനെ തുടർന്ന് 30 ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്.