എം.എൽ.എ സ്ഥാനവും രാജിവയ്ക്കണം: കെ. സുധാകരൻ
തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാൻ, എം.എൽ.എ സ്ഥാനം കൂടി രാജിവയ്ക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. രണ്ടാം പിണറായി സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്നും സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ക്യാപ്ടന്റെ വിക്കറ്റും ഉടൻ തെറിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. ചെയ്ത തെറ്റ് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് സംശയമുണ്ട്. രാജി പ്രഖ്യാപിക്കുന്ന സമയത്തും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറാകാത്തത് നിർഭാഗ്യകരമാണ്. ആരോടോ വാശി തീർക്കുന്നതു പോലെയാണ് അദ്ദേഹത്തിന്റെ രാജി. പ്രസംഗത്തെ ന്യായീകരിക്കുന്നതിന്റെ വൈരുദ്ധ്യം സി.പി.എം പരിശോധിക്കണം. സി.പി.എമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് മന്ത്രിയുടെ രാജി.