കനത്ത മഴയും കാറ്റും; സംസ്ഥാന പാതകളിൽ മൂന്ന് അപകടം

Thursday 07 July 2022 2:21 AM IST

കട്ടപ്പന : കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശി തുടങ്ങിതോടെ റോഡുകളിൽ അപകടങ്ങൾ വർദ്ധിച്ചു.പുറ്റടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു.ഡ്രൈവറും വാഹനത്തിൽ ഉണ്ടായിരുന്ന സ്‌കൂൾ കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു.മരം കടപുഴകി ലൈനിൽ വീണതിനെത്തുടർന്നാണ് ഇലക്ട്രിക് പോസ്റ്റുകൾ വീണത്.ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ചിരുന്ന പുറ്റടി ദേവിവിലാസത്തിൽ സതീഷിന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് പതിച്ചത്.ശക്തമായ കാറ്റു വീശിതോടെ മരം ഒടിഞ്ഞ് വൈദ്യുത ലൈനിലേയ്ക്ക് വീഴുകയും നാല് കോൺക്രീറ്റ് പോസ്റ്റുകൾ ഒടിഞ്ഞ് റോഡിലേയ്ക്ക് വീഴുകയുമായിരുന്നു.ഇതിൽ ഒരു പോസ്റ്റാണ് ഓട്ടോയുടെ മുകളിലേയ്ക്ക് പതിച്ചത്.ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു.ഇതിന് സമീപത്തായി ചേമ്പുകണ്ടത്താണ് പുറ്റടിയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രത്തിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റ് കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നെങ്കിലും കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റില്ല.ഇന്നലെ ഉച്ചയോടെയാണ് അപകടം.കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്നും തെന്നിമാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കട്ടപ്പന പുളിയൻമല പാതയിൽ പൊലീസ് വളവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ബുധനാഴ്ച്ച രാവിലെ 10 മണിയോടെ ഇലക്ട്രിക് പോസ്റ്റുമായി കയറ്റിവന്ന ലോറി കാറുമായി കൂടിയിടിക്കുകയായിരുന്നു.കട്ടപ്പനയിൽ നിന്നും പൊലീസ് എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ഇതേ പാതയിൽ മരം കടപുഴകി വീണതും ഗതാഗത തടസ്സത്തിന് കാരണമായി.

Advertisement
Advertisement